
ബി.ജെ.പിയുടെ യു.പിയിലെ ഘടകകക്ഷി കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി
|ഘടകകക്ഷികള്‍ അകലുന്നുവെന്ന പ്രതിസന്ധി നേരിടുന്ന ബി.ജെ.പിക്ക് തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ അപ്നാദളിന്‍റെ പിന്തുണ കൂടിയേ തീരൂ.
അപ്നാദള്‍ നേതാവും കേന്ദ്രമന്ത്രിയുമായ അനുപ്രിയ പട്ടേല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യയുമായി കൂടിക്കാഴ്ച നടത്തി. ഘടക കക്ഷിയായ അപ്നാദളിന് ബി.ജെ.പി വേണ്ടത്ര പരിഗണന നല്‍കുന്നില്ലെന്ന തുറന്ന് പറച്ചിലിനിടെയാണ് അനുപ്രിയ പട്ടേല്‍ കോണ്‍ഗ്രസുമായി ചര്‍ച്ച നടത്തിയത്. എന്നാല്‍ കൂടിക്കാഴ്ച വിവരം പുറത്ത് വന്നതിന് പിന്നാലെ അപ്നാദളിന്‍റെ പ്രശ്നങ്ങള്‍ പരിഹരിക്കാമെന്ന ഉറപ്പുമായി ബി.ജെ.പി രംഗത്തെത്തി.
ഘടക കക്ഷികള്‍ അകലുന്നുവെന്ന പ്രതിസന്ധി നേരിടുന്ന ബി.ജെ.പിക്ക് തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ അപ്നാദളിന്‍റെ പിന്തുണ കൂടിയേ തീരൂ. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്ന കിഴക്കന്‍ ഉത്തര്‍പ്രദേശില്‍ സ്വാധീനമുള്ള പാര്‍ട്ടിയാണ് അപ്നാദള്‍. അപ്നാദളിന് ഘടക കക്ഷി എന്ന നിലയിലുള്ള പരിഗണന നല്‍കുന്നില്ലെന്ന വിമര്‍ശനം പാര്‍ട്ടി നേതാക്കള്‍ കുറച്ചായി ഉയര്‍ത്തുന്നതാണ്. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഈ മാസം 20 വരെ ബി.ജെ.പിക്ക് സമയവും നല്‍കി. എന്നാല്‍ ബി.ജെ.പിയുടെ ഭാഗത്ത് നിന്ന് യാതൊരു പ്രതികരണവും ഉണ്ടായില്ല.
ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് നേതാവ് ജോതിരാദിത്യ സിന്ധ്യയുമായി കേന്ദ്രമന്ത്രി അനുപ്രിയ പട്ടേലും പാര്‍ട്ടി വര്‍ക്കിങ് പ്രസിഡന്‍റ് ആഷിഷ് പട്ടേലും കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയത്. എന്നാല്‍ കൂടിക്കാഴ്ച വിവരം പുറത്തെത്തിയതോടെ അപ്നാദളിന്‍റെ പ്രശ്നങ്ങള്‍ പരിഹരിക്കാമെന്ന ഉറപ്പുമായി ബി.ജെ.പി രംഗത്തെത്തി. പ്രത്യേകിച്ച് പിന്നാക്ക വിഭാഗങ്ങളാണ് അപ്നാദളിന്റെ ശക്തികേന്ദ്രം. നിലവില്‍ ഉത്തര്‍പ്രദേശിലും കേന്ദ്രത്തിലും അപ്നദള്‍ ബി.ജെ.പി സര്‍ക്കാരുകളുടെ ഭാഗമാണ്.