< Back
India
റഫാലില്‍ ചോര്‍ത്തിയ രേഖകള്‍ പരിഗണിക്കാമോ? വിധി പറയാന്‍ മാറ്റി
India

റഫാലില്‍ ചോര്‍ത്തിയ രേഖകള്‍ പരിഗണിക്കാമോ? വിധി പറയാന്‍ മാറ്റി

Web Desk
|
14 March 2019 7:19 PM IST

ഔദ്യോഗിക രഹസ്യ നിയമത്തിന് മുകളിലും വിവരാവകാശ നിയമത്തിന് അധികാരമുണ്ടെന്ന് കോടതി

പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് ചോര്‍ത്തിയ രേഖകള്‍ റഫാല്‍ പുനപ്പരിശോധന ഹര്‍ജികളില്‍ പരിഗണിക്കാമോ എന്ന കാര്യത്തില്‍ സുപ്രീംകോടതി ഉത്തരവ് പറയും. ഹര്‍ജികളില്‍ പ്രാഥമിക വാദം കേള്‍ക്കല്‍ പൂര്‍ത്തിയാക്കിയ ശേഷം കോടതി ഉത്തരവ് പറയാനായി മാറ്റി. ഹര്‍ജിക്കാര്‍ സമര്‍പ്പിച്ച രേഖകള്‍ മോഷ്ടിച്ചവയാണെന്നും പരിഗണിക്കരുതെന്നും കേന്ദ്രം ആവര്‍ത്തിച്ചു. വാദത്തെ സുപ്രീംകോടതിയും ഹര്‍ജിക്കാരും ചോദ്യം ചെയ്തു.

റഫാലില്‍ അന്വേഷണം തള്ളിയ വിധി പുനപ്പരിശോധിക്കണം എന്ന ഹര്‍ജികളില്‍ ഇതുവരെ രണ്ട് തവണ സുപ്രീംകോടതി വാദം കേട്ടു. ശേഷമാണ് നിര്‍ണ്ണായക വിഷയത്തില്‍ ഉത്തരവ് പറയാന്‍ തീരുമാനിച്ചത്.‌ ഹര്‍ജിക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ മോഷ്ടിക്കപ്പെട്ടതാണെന്നും രഹസ്യ നിയമത്തിന്‍റെ ലംഘനമാണെന്നും അതിനാല്‍ ഇവ സ്വീകരിക്കരുത് എന്നുമാണ് കേന്ദ്രത്തിന്‍റെ പ്രാഥമിക എതിര്‍പ്പ്. ഈ എതിര്‍പ്പ് മുഖവിലക്കെടുക്കേണ്ടതുണ്ടോ എന്നതാണ് ഉത്തരവില്‍ കോടതി വ്യക്തമാക്കുക. കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട രേഖകള്‍ക്ക് ഇനി എന്ത് രഹസ്യ സ്വാഭാവമാണ് ഉള്ളത് എന്ന് അറ്റോര്‍ണി ജനറലിന്‍റെ വാദത്തെ ഖണ്ഡിച്ച് ഇന്നും കോടതി ചോദിച്ചു. അനുമതി ഇല്ലാതെ സർക്കാർ രേഖകൾ പ്രസിദ്ധീകരിക്കാൻ പാടില്ല, വിവരാവകാശ നിയമത്തിന്‍റെ പരിരക്ഷ ഇവക്കില്ല എന്നാണ് ഇതിന് സര്‍ക്കാര്‍ നല്‍‌കിയ മറുപടി.

എന്നാല്‍ വിവരാവകാശ നിയമം വിപ്ലവാത്മകമാണെന്നും അതില്‍ നിന്ന് വീണ്ടും പിറകോട്ട് പോകരുതെന്നും കോടതി ചൂണ്ടിക്കാട്ടി. ഔദ്യോഗിക രഹസ്യ നിയമത്തിന് മുകളിലും വിവരാവകാശ നിയമത്തിന് അധികാരമുണ്ട്. ആര്‍.ടി.ഐ നിയമത്തിലെ 22, 24 വകുപ്പുകള്‍ ഇത് വ്യക്തമാക്കുന്നു. അഴിമതി, മനുഷ്യാവകാശ ലംഘനം തുടങ്ങിയവയില്‍ ആര്‍.ടി.ഐ പ്രകാരം വിവരങ്ങള്‍ കൈമാറാന്‍‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് പോലും ബാധ്യതയുണ്ടെന്നും ജസ്റ്റിസ് കെ.എം ജോസഫ് ഓര്‍മ്മപ്പെടുത്തി. ചങ്ങാത്തമുള്ള മാധ്യമങ്ങൾക്ക് പ്രതിരോധമന്ത്രിയുടെ ഒപ്പോടെ ഉള്ള രേഖകള്‍ സര്‍ക്കാര്‍ തന്നെ ചോർത്തി നൽകിയിട്ടുണ്ടെന്നും രേഖയുടെ ഉറവിടം വെളിപ്പെടുത്താതിരിക്കാന്‍ മാധ്യമങ്ങളെ നിയമം അനുവദിക്കുന്നുണ്ട് എന്ന് ഹര്‍ജിക്കാരും വാദിച്ചു.

Similar Posts