India
മോദി തുര്‍ക്കിയിലേക്ക് പോകുന്നില്ല, യാത്ര റദ്ദാക്കി; കാരണമിതാണ്...
India

മോദി തുര്‍ക്കിയിലേക്ക് പോകുന്നില്ല, യാത്ര റദ്ദാക്കി; കാരണമിതാണ്...

Web Desk
|
20 Oct 2019 12:05 PM IST

ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 370 റദ്ദാക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തെ തുര്‍ക്കി പ്രസിഡന്റ് ഐക്യരാഷ്ട്ര പൊതുസഭയിൽ വിമർശിച്ചിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തുർക്കി സന്ദർശനം വേണ്ടെന്ന് വെക്കാന്‍ സർക്കാർ തീരുമാനിച്ചു. കഴിഞ്ഞ മാസം ഐക്യരാഷ്ട്ര പൊതുസഭയിൽ കശ്മീര്‍ വിഷയത്തില്‍ തുർക്കി പ്രസിഡന്റ് ഉറുദുഗാൻ നടത്തിയ പ്രസംഗത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യൻ സർക്കാരിന്റെ അതൃപ്തി പ്രകടമാക്കാനുള്ള നടപടികളുടെ ഭാഗമായാണ് യാത്ര റദ്ദാക്കാന്‍ തീരുമാനിച്ചത്.

ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 370 റദ്ദാക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തെ തുര്‍ക്കി പ്രസിഡന്റ് ഐക്യരാഷ്ട്ര പൊതുസഭയിൽ വിമർശിച്ചിരുന്നു. പാകിസ്താനെ പിന്തുണച്ച തുർക്കി പ്രസിഡന്റ്, “നീതിയുടെയും സമത്വത്തിന്റെയും അടിസ്ഥാനത്തിലുള്ള സംഭാഷണത്തിലൂടെയാണ്, അല്ലാതെ ഏറ്റുമുട്ടലിലൂടെയല്ല പ്രശ്നം പരിഹരിക്കേണ്ടത്” എന്ന് പറഞ്ഞിരുന്നു. ദക്ഷിണേഷ്യയുടെ സ്ഥിരതയില്‍ നിന്നും സമൃദ്ധിയില്‍ നിന്നും കശ്മീരിനെ മാറ്റിനിര്‍ത്താനാകില്ലെന്നും ഉറുദുഗാൻ പറഞ്ഞു.

ഇന്ത്യയുടെ ആഭ്യന്തര വിഷയമായ കശ്മീരിനെ കുറിച്ചുള്ള തുര്‍ക്കിയുടെ പ്രസ്താവനകള്‍ ഇന്ത്യ കാര്യമാക്കുന്നില്ലെന്നായിരുന്നു ഐക്യരാഷ്ട്ര പൊതുസഭയിൽ കശ്മീരിനെക്കുറിച്ചുള്ള തുർക്കിയുടെ പ്രസ്താവനകൾക്ക് മറുപടിയായി വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാറിന്റെ പ്രതികരണം. ഈ വിഷയത്തിൽ കൂടുതൽ പ്രസ്താവനകൾ നടത്തുന്നതിന് മുമ്പ് നിലവിലെ സ്ഥിതിഗതികൾ സംബന്ധിച്ച് ശരിയായ ധാരണ കൈവരിക്കാന്‍ തുർക്കി സർക്കാര്‍ ശ്രമിക്കണമെന്നും രവീഷ് കുമാര്‍ ആവശ്യപ്പെട്ടു. ഇത് പൂര്‍ണമായും ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.

Similar Posts