India
വാട്സ്ആപ്പ് ചോര്‍ത്തലില്‍ സര്‍ക്കാരിനും പങ്കുണ്ടെന്ന് കോണ്‍ഗ്രസ്
India

വാട്സ്ആപ്പ് ചോര്‍ത്തലില്‍ സര്‍ക്കാരിനും പങ്കുണ്ടെന്ന് കോണ്‍ഗ്രസ്

Web Desk
|
1 Nov 2019 9:52 AM IST

ഇസ്രായേല്‍ ചാര സോഫ്റ്റ് വെയറായ പെഗാസസ് സര്‍ക്കാറിന്‍റെ ഏത് ഏജന്‍സിയാണ് വാങ്ങിയതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു

ഇന്ത്യയിലെ മാധ്യമപ്രവര്‍ത്തകരുടെയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും വാട്സാപ്പുകള്‍ ചോര്‍ത്തിയ സംഭവത്തില്‍ സര്‍ക്കാറിന് പങ്കുണ്ടെന്ന് കോണ്‍ഗ്രസ്. ഇസ്രായേല്‍ ചാര സോഫ്റ്റ് വെയറായ പെഗാസസ് സര്‍ക്കാറിന്‍റെ ഏത് ഏജന്‍സിയാണ് വാങ്ങിയതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. വാട്സാപ്പില്‍ നിന്ന് സര്‍ക്കാര്‍ വിശദീകരണം ചോദിച്ചിട്ടുണ്ടെങ്കിലും ചോര്‍ത്തല്‍ നടപടി വെളിപ്പെടുത്തിയ ‌വാട്സ്ആപ്പ് കമ്പനിയുടെ നടപടി ചോദ്യം ചെയ്താണ് ബി.ജെ.പി രംഗത്തെത്തിയത്.

ഐ.ടി മന്ത്രാലയമാണ് സംഭവത്തില്‍ വിശദീകരണം തേടിയത്. പൌരന്മാരുടെ സ്വകാര്യത സംരക്ഷിക്കുകയെന്നത് സര്‍ക്കാറിന്‍റെ ഉത്തരവാദിത്വമാണെന്നും കേന്ദ്രം വ്യക്തമാക്കി. സ്വകാര്യത ഉറപ്പാക്കാന്‍ വാട്സ്ആപ്പ് കമ്പനി സ്വീകരിച്ച നടപടികള്‍ നവംബര്‍ നാലിനകം വ്യക്തമാക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

സര്‍ക്കാര്‍ നടപടി കൈകഴുകലാണെന്നാണ് കോണ്‍ഗ്രസ് ആരോപണം. ചാര സോഫ്റ്റ് വെയര്‍ കേന്ദ്ര സര്‍ക്കാറിനോ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കോ മാത്രമേ കൈമാറുകയുള്ളൂവെന്ന് കമ്പനി വ്യക്തമാക്കിയിരിക്കെ കേന്ദ്ര സര്‍ക്കാറിന്‍റെ ഏത് ഏജന്‍സിയാണ് സോഫ്റ്റ് വെയര്‍ കൈപറ്റിയെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് രംഗത്തെത്തിയത്.

വാട്സ്ആപ്പ് ചോര്‍ത്തപ്പെട്ടവരില്‍ ജ‍ഡ്ജിമാരും ഉൾപ്പെടുമെന്നും സുപ്രീംകോടതി സ്വമേധയ കേസെടുക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പ് കാലത്ത് ബി.ജെ.പി തന്നെ ഈ സോഫ്റ്റ്‍വെയര്‍ ഉപയോഗിച്ചിരുന്നതായി സംശയമുണ്ടെന്ന കടുത്ത ആരോപണവും കോണ്‍ഗ്രസ് ഉന്നയിച്ചിട്ടുണ്ട്. അതേസമയം ചോര്‍ത്തലിനെക്കുറിച്ച് വാട്സ്ആപ്പ് വെളിപ്പെടുത്തിയ സമയം ചോദ്യംചെയ്താണ് ബി.ജെ.പി രംഗത്തെത്തിയത്.

Similar Posts