
കോവിഡ്; അയോധ്യയിലെ രാമ നവമി ആഘോഷത്തിന് നിയന്ത്രണം
|കോവിഡ് പകരുന്നതിന്റെ ഭാഗമായി മേള നിർത്തവെക്കണമെന്ന് ആരോഗ്യവിദഗ്ധർ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
കൊറോണ ഭീതിക്കിടെ അയോധ്യയിലെ രാമ നവമി ആഘോഷത്തിന് നിയന്ത്രണവുമായി ഉത്തർപ്രദേശ് സർക്കാർ. ഏപ്രിൽ രണ്ടു വരെ അയോധ്യക്ക് പുറത്തുനിന്ന് ആരെയും പ്രവേശിപ്പിക്കില്ല. ഇതുവരെയായി 24 കോവിഡ് കേസുകളാണ് യു.പിയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
മേളയുടെ ഭാഗമായ സരയൂ നദിയിലെ മുങ്ങി കുളിക്ക് വിലക്കുണ്ട്. നഗരത്തിലെ ഹോട്ടൽ, ലോഡ്ജ് ബുക്കിങ് നിരോധിച്ചു. ക്ഷേത്രത്തിലും നഗരത്തിലും ജനങ്ങൾ കൂടിനിൽക്കുന്നതും സർക്കാർ വിലക്കിയിട്ടുണ്ട്. മേളയുമായി ബന്ധപ്പെട്ട പല ചടങ്ങുകളും വെെറസ് ബാധയുടെ പശ്ചാതലത്തിൽ ഉപേക്ഷിച്ചു. അടുത്ത ആഴ്ച്ചയാണ് രാമ നവമി.
കോവിഡ് പകരുന്നതിന്റെ ഭാഗമായി മേള നിർത്തവെക്കണമെന്ന് ആരോഗ്യവിദഗ്ധർ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ജനങ്ങൾ ഒത്തുകൂടുന്ന ആഘോഷങ്ങളും മത ചടങ്ങുകളും മാറ്റിവെക്കാൻ പ്രധാനമന്ത്രിയും കഴിഞ്ഞ ദിവസം ആവശ്യപ്പെടുകയുണ്ടായി. ലോകത്താകെ കോവിഡ് ബാധിതരുടെ എണ്ണം രണ്ടേമുക്കാൽ ലക്ഷം കവിഞ്ഞിട്ടുണ്ട്. ഇന്ത്യയിൽ മൂന്ന് ദിവസത്തിനിടെ നൂറിലധികം കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.