
ടിക് ടോക് താരം ബ്യൂട്ടിപാര്‍ലറില്‍ കൊല്ലപ്പെട്ട നിലയില്‍; മരണശേഷവും ഫോണില്‍ നിന്ന് സന്ദേശവും വീഡിയോകളും
|ശിവാനി ജീവിപ്പിച്ചിരിപ്പുണ്ടെന്ന് തോന്നിക്കാനായിരുന്നു ഈ നീക്കം.
ടിക്ടോക് താരമായ യുവതിയെ സ്വന്തം ബ്യൂട്ടി പാർലറിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഹരിയാന സോനിപത്ത് സ്വദേശിയായ ശിവാനി ഖുബിയാന്‍ ആണ് കൊല്ലപ്പെട്ടത്. അയൽക്കാരനായ ആരിഫാണ് ശിവാനിയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്‍റെ നിഗമനം. ഇയാള്‍ ഒളിവിലാണ്.
ഞായറാഴ്ച വൈകീട്ട് ബ്യൂട്ടി പാർലറില്‍ നിന്നും ദുര്‍ഗന്ധം വന്നതോടെ അയല്‍വാസികള്‍ അറിയിച്ചതനുസരിച്ചാണ് പാർലറിന്‍റെ പാർട്ണറായ നീരജ് സ്ഥാപനം തുറന്നത്. അകത്തെ ക്യാബിനിനുള്ളിലായിരുന്നു മൃതദേഹം. ഉടൻ തന്നെ പോലീസിനെ വിവരമറിയിച്ചു. ജൂണ്‍ 26നാണ് ശിവാനി കൊല്ലപ്പെട്ടതെന്നാണ് പ്രാഥമികമായ കണ്ടെത്തല്‍.
അയൽക്കാരനായ ആരിഫ് ഏറെക്കാലമായി ശിവാനിയോട് പ്രണയാഭ്യർഥന നടത്തിയിരുന്നുവെന്ന് ശിവാനിയുടെ ബന്ധുക്കള്‍ പറയുന്നു. കഴിഞ്ഞ മൂന്ന് വർഷമായി ആരിഫിന്‍റെ ശല്യമുണ്ടായിരുന്നുവെന്നാണ് ശിവാനിയുടെ സഹോദരി ശ്വേത പറയുന്നത്. ശല്യം സഹിക്കാനാവാതെ വീട് മാറി. പോലീസ് സ്റ്റേഷനിൽ പരാതിയും നൽകി. തുടർന്ന് സംഭവിച്ചതിനെല്ലാം ആരിഫ് മാപ്പ് പറഞ്ഞു. എന്നാൽ ഇതിനുശേഷവും ആരിഫ് ശിവാനിയെ ശല്യംചെയ്യുന്നത് തുടർന്നുവെന്ന് ശിവാനിയുടെ പിതാവ് പറയുന്നു.
ജൂൺ 26ന് ആരിഫ് ശിവാനിയെ കാണാനെത്തിയിരുന്നു. അന്ന് ശിവാനി വീട്ടിൽ തിരിച്ചെത്താത്തതിനാൽ സഹോദരി ഫോണിൽ വിളിച്ചെങ്കിലും കിട്ടിയില്ല. എന്നാൽ താന്‍ ഹരിദ്വാറിലാണെന്നും ചൊവ്വാഴ്ച തിരിച്ചുവരുമെന്നും ശിവാനിയുടെ ഫോണിൽ നിന്നും സന്ദേശം വന്നു. അതുകൊണ്ട് കുടുംബം കൂടുതല്‍ അന്വേഷിച്ചില്ല.
ശിവാനിയെ വീട്ടില്‍ നിന്ന് കാണാതായതിന് ശേഷവും ടിക് ടോക് അക്കൗണ്ടിൽ വീഡിയോകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. ശിവാനി ജീവിപ്പിച്ചിരിപ്പുണ്ടെന്ന് തോന്നിക്കാനായിരുന്നു ഈ നീക്കം. യുവതിയുടെ മൃതദേഹം കണ്ടെത്തുന്നതിന് ഏഴ് മണിക്കൂർ മുമ്പ് വരെ ടിക് ടോകിലും മറ്റ് സാമൂഹ്യ മാധ്യമങ്ങളിലും പോസ്റ്റുകൾ വന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ശ്വാസംമുട്ടിച്ചാണ് ശിവാനിയെ കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പോസ്റ്റുമോർട്ടത്തിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ എന്നും പോലീസ് പറഞ്ഞു.