< Back
India
ഇന്ത്യ-ചൈന രണ്ടാംവട്ട നയതന്ത്ര ചര്‍ച്ച പൂര്‍ത്തിയായി
India

ഇന്ത്യ-ചൈന രണ്ടാംവട്ട നയതന്ത്ര ചര്‍ച്ച പൂര്‍ത്തിയായി

|
11 July 2020 7:34 AM IST

ലഡാകിലെ നിയന്ത്രണ രേഖയിൽ നിന്നുള്ള സമ്പൂര്‍ണ സൈനിക പിന്മാറ്റം സംബന്ധിച്ച് യോഗം വിലയിരുത്തി. അതിര്‍ത്തിയിലെ സമാധാനം ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താൻ അനിവാര്യമെന്ന് യോഗം

ഇന്ത്യയുടെയും ചൈനയുടെയും പൊതുവായ വികസനത്തിനായി അതിര്‍ത്തിയിൽ സമാധാനം ഉറപ്പുവരുത്താൻ ഉഭയകക്ഷി യോഗത്തിൽ ധാരണ. ലഡാകിലെ നിയന്ത്രണരേഖയിൽ നിന്നുള്ള സമ്പൂര്‍ണ സൈനിക പിന്മാറ്റം സംബന്ധിച്ച് വര്‍ക്കിങ് കമ്മിറ്റി യോഗം വിലയിരുത്തി. ആദ്യഘട്ട ചര്‍ച്ചക്ക് ശേഷം ലഡാകിലെ മൂന്ന് സുപ്രധാന മേഖലകളിൽ നിന്ന് ഇരു സൈനിക വിഭാഗങ്ങളും പിന്മാറിയിരുന്നു.

ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ജോയന്‍റ് സെക്രട്ടറി നവീൻ ശ്രീവാസ്തവയും ചൈന വിദേശകാര്യമന്ത്രാലയം പ്രതിനിധി വു ജിങ്കാവോയുമാണ് ഇന്നലെ നടന്ന നയതന്ത്ര ചര്‍ച്ചയിൽ പങ്കെടുത്തത്. അതിര്‍ത്തി തര്‍ക്കം പരിഹരിക്കുന്നതിന്‍റെ ഭാഗമായി ഇത് രണ്ടാം തവണയാണ് നയതന്ത്ര പ്രതിനിധികളടങ്ങുന്ന വര്‍ക്കിങ് കമ്മിറ്റി യോഗം ചേരുന്നത്.

ലഡാക്കിലെ നിയന്ത്രണ രേഖയിൽ നിന്ന് ഘട്ടംഘട്ടമായുള്ള സമ്പൂര്‍ണ സൈനിക പിന്മാറ്റം സംബന്ധിച്ച് യോഗം വിലയിരുത്തി. അതിര്‍ത്തിയിലെ സമാധാനം ഇരുരാഷ്ട്രങ്ങളുടെയും വികസനത്തിന് അനിവാര്യമാണെന്ന് ചര്‍ച്ചയിൽ അഭിപ്രായമുയര്‍ന്നു. സൈനിക നയതന്ത്ര തലത്തിൽ ഉഭയകക്ഷി ചര്‍ച്ച തുടരാനും തീരുമാനിച്ചു.

ഇന്ത്യ-ചൈന സൈനിക ഏറ്റുമുട്ടലിന് ശേഷം ഉഭയകക്ഷി ബന്ധം വഷളായിരുന്നു. ജൂൺ 24ന് ദേശീയ സുരക്ഷ ഉപദേഷ്ടാവ് പങ്കെടുത്ത പ്രത്യക തല പ്രതിനിധി ചര്‍ച്ചയിലാണ് സൈനിക പിന്മാറ്റത്തിന് ഇരുസൈനിക വിഭാഗങ്ങളും ധാരണയായത്. ഇതിന് ശേഷം ലഡാകിലെ മൂന്ന് സുപ്രധാന മേഖലകളിൽ നിന്ന് ഇതിനകം പിന്മാറിയിട്ടുണ്ടെന്ന് സൈന്യം വ്യക്തമാക്കിയിരുന്നു.

Similar Posts