
അയോധ്യയിൽ ഭൂമിപൂജയിൽ പങ്കെടുക്കുന്നത് സത്യപ്രതിജ്ഞാ ലംഘനം: മോദിയോട് ഉവൈസി
|'മതവിശ്വാസികളെയും മതവിശ്വാസമില്ലാത്തവരെയും പ്രതിനിധീകരിക്കുന്ന ആളാകണം പ്രധാനമന്ത്രി'.
അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിന്റെ ഭാഗമായുള്ള ഭൂമിപൂജയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്നതിനെതിരെ എഐഎംഐഎം നേതാവ് അസദുദ്ദീൻ ഉവൈസി. പ്രധാനമന്ത്രി അയോധ്യയിലെ ഭൂമിപൂജയിൽ പങ്കെടുത്താൽ അത് സത്യപ്രതിജ്ഞാ ലംഘനമാകുമെന്നാണ് ഉവൈസിയുടെ മുന്നറിയിപ്പ്.
നമ്മുടെ ഭരണഘടനയുടെ അടിസ്ഥാനം തന്നെ മതേതരത്വമാണ്. പ്രധാനമന്ത്രി ഭൂമി പൂജയിൽ പങ്കെടുത്താൽ അത് സത്യപ്രതിജ്ഞാ ലംഘനമാകും. എല്ലാ മതവിശ്വാസികളെയും മതവിശ്വാസമില്ലാത്തവരെയും പ്രതിനിധീകരിക്കുന്ന ആളാകണം പ്രധാനമന്ത്രി. 400 വർഷമായി ബാബരി മസ്ജിദ് അയോധ്യയിലുണ്ടായിരുന്നു. 1992ൽ ഒരു കൂട്ടം അക്രമികൾ അത് തകർക്കുകയായിരുന്നു- എന്നാണ് ഉവൈസി ഔട്ട്ലുക്കിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയത്.
Attending Bhumi Pujan in official capacity will be a violation of @PMOIndia‘s constitutional oath. Secularism is part of the Basic Structure of Constitution
— Asaduddin Owaisi (@asadowaisi) July 28, 2020
We can’t forget that for over 400 years Babri stood in Ayodhya & it was demolished by a criminal mob in 1992 https://t.co/qt2RCvJOK1
നീതിയിൽ വിശ്വസിക്കുന്നവരെല്ലാം പുതിയ തലമുറയോട് പറഞ്ഞുകൊടുക്കുക മസ്ജിദ് തകർക്കപ്പെട്ടു എന്നാണ്. അങ്ങനെ പറയുന്നവരുടെ ശബ്ദം അടിച്ചമർത്തപ്പെട്ടേക്കാം. എങ്കിലും അങ്ങനെ തന്നെ പറയുമെന്ന് ഉവൈസി വ്യക്തമാക്കി.
1949 ഡിസംബറിൽ എന്ത് നടന്നുവെന്ന് ചരിത്രം ഒരിക്കലും മറക്കില്ല. വിഗ്രഹങ്ങൾ ഗൂഢമായി മസ്ജിദിനുള്ളിൽ കൊണ്ടുപോയി വെച്ചു. ബാബരി മസ്ജിദ് തകർക്കലിലേക്ക് നയിച്ച സംഭവങ്ങളുടെ തുടക്കം അതായിരുന്നു. അന്ന് വിഗ്രഹങ്ങൾ നീക്കാൻ വിസമ്മതിച്ച ഫൈസാബാദിലെ ഡപ്യൂട്ടി കമ്മീഷണർ കെ കെ നായർ പിന്നീട് ജനസംഗ് ടിക്കറ്റിൽ മത്സരിക്കുകയും എംപിയാവുകയും ചെയ്തു. 1949ൽ അടച്ച മസ്ജിദ് 1986ൽ കോടതി ഉത്തരവ് പ്രകാരം തുറന്നു. എന്നാൽ മസ്ജിദ് സംരക്ഷിക്കാൻ അന്നത്തെ മുഖ്യമന്ത്രിക്കോ പ്രധാനമന്ത്രിക്കോ ആയില്ല. അയോധ്യ വിധിക്കെതിരായ പരാമർശങ്ങളുടെ പേരിൽ താൻ വിമർശിക്കപ്പെടുന്നുണ്ട്. തനിക്ക് തന്റെ കാഴ്ചപ്പാടുകൾ പറയാനും മറ്റുള്ളവർക്ക് അതിനെ വിമർശിക്കാനും ജനാധിപത്യത്തിൽ അവകാശമുണ്ടെന്ന് ഉവൈസി വിശദീകരിച്ചു.
ഇരു വിഭാഗവും അവകാശമുന്നയിച്ച അയോധ്യയിലെ 2.77 ഏക്കർ ഭൂമി ക്ഷേത്രം നിർമിക്കുന്നതിനായി ട്രസ്റ്റിന് കൈമാറുന്നുവെന്നാണ് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് കഴിഞ്ഞ വർഷം വിധിച്ചത്. അയോധ്യയിലെ മറ്റൊരു സ്ഥലത്ത് പള്ളിക്കായി അഞ്ച് ഏക്കർ സ്ഥലം അനുവദിക്കാമെന്നും കോടതി ഉത്തരവിട്ടിരുന്നു. ക്ഷേത്രനിർമാണത്തിൻരെ ഭാഗമായി ആഗസ്ത് 5ന് നടക്കുന്ന ഭൂമിപൂജയിൽ പ്രധാനമന്ത്രി പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്. എന്നാൽ ഇക്കാര്യം പ്രധാനമന്ത്രിയുടെ ഓഫീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.