
അയോധ്യയിലെ ഭൂമി പൂജക്ക് മുന്നോടിയായി കമൽനാഥ് ഹനുമാൻ സ്തോത്രം ഉരുവിടും
|ചൊവ്വാഴ്ച വൈകുന്നേരമാണ് ചടങ്ങെന്ന് കോൺഗ്രസ് വക്താവ് ഭൂപേന്ദ്ര ഗുപ്ത പറഞ്ഞു.
അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുന്നത് ഇന്ത്യയിലെ എല്ലാവരുടെയും സമ്മതത്തോടെയാണെന്ന് മധ്യപ്രദേശിലെ കോൺഗ്രസ് അധ്യക്ഷൻ കമൽനാഥ്. ഭൂമി പൂജ നടക്കുന്നതിന് മുന്നോടിയായി ഹനുമാൻ സ്തോത്രം ഉരുവിടൽ ചടങ്ങ് നടത്താനും കമൽനാഥ് തീരുമാനിച്ചിട്ടുണ്ട്. ചൊവ്വാഴ്ച വൈകുന്നേരമാണ് ചടങ്ങെന്ന് കോൺഗ്രസ് വക്താവ് ഭൂപേന്ദ്ര ഗുപ്ത പറഞ്ഞു.
'നാഥ്ജിയുടെ വസതിയിലാണ് ചടങ്ങ്. അദ്ദേഹം ഹനുമാന്റെ വലിയ ഭക്തനാണ്. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചാകും ചടങ്ങ്. പാർട്ടി നേതാക്കളോടും പ്രവർത്തകരോടും സ്വന്തം വീടുകളിൽ ഹനുമാൻ ചാലിസ ഉരുവിടാൻ അദ്ദേഹം അഭ്യർഥിച്ചിട്ടുണ്ട്'- ഭൂപേന്ദ്ര ഗുപ്ത പറഞ്ഞു.
Madhya Pradesh Congress chief Kamal Nath will host a recital of 'Hanuman Chalisa' at his residence here on Tuesday, a day before the ground-breaking ceremony for Ram temple construction in Ayodhya.
— Press Trust of India (@PTI_News) August 2, 2020
അയോധ്യയിലെ രാമക്ഷേത്ര നിർമാണം സ്വാഗതം ചെയ്യുന്നുവെന്നാണ് കമൽനാഥ് ഇന്നലെ പറഞ്ഞത്. രാജ്യത്തെ ജനങ്ങൾ ഇത് ഏറെക്കാലമായി ആഗ്രഹിക്കുന്നു. ജനങ്ങളുടെ സമ്മതത്തോടെയാണ് നിർമാണം. ഇത് ഇന്ത്യയിൽ മാത്രമേ നടക്കൂ എന്നും കമൽനാഥ് പറഞ്ഞു.
മറ്റൊരു കോൺഗ്രസ് നേതാവായ ദിഗ്വിജയ് സിങ് പറഞ്ഞത് രാമക്ഷേത്ര നിർമാണം മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയും ആഗ്രഹിച്ചിരുന്നുവെന്നാണ്. ശ്രീരാമനാണ് വിശ്വാസങ്ങളുടെ കേന്ദ്രം. ശ്രീരാമനിലുള്ള വിശ്വാസം കൊണ്ടാണ് രാജ്യം മുന്നോട്ടുപോകുന്നത്. രാമന്റെ ജന്മസ്ഥലത്ത് ക്ഷേത്രം വേണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നത് അതുകൊണ്ടാണെന്നും ദിഗ്വിജയ് സിങ് പറഞ്ഞു.
അതേസമയം രാമക്ഷേത്ര നിർമാണം വൈകിപ്പിച്ചത് കോൺഗ്രസ് ആണെന്ന് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര പ്രതികരിച്ചു. കപിൽ സിബലിനെ പോലുള്ള കോൺഗ്രസ് നേതാക്കൾ കോടതിയിൽ രാമക്ഷേത്ര നിർമാണത്തിനെതിരെ വാദിച്ചു. ശ്രീരാമൻ ഭാവനാസൃഷ്ടിയാണെന്ന് പറഞ്ഞു. രാമസേതു ഇല്ലെന്നാണ് കോൺഗ്രസുകാർ പറഞ്ഞതെന്നും മിശ്ര കുറ്റപ്പെടുത്തി.