India
കര്‍ഷകരുടെ സമരം 28ാം ദിവസത്തിലേക്ക്; രാജ്യത്തെ എല്ലാവരും ഇന്ന് ഉച്ചഭക്ഷണം ഉപേക്ഷിക്കാൻ ആഹ്വാനം ചെയ്ത് കര്‍ഷകര്‍
India

കര്‍ഷകരുടെ സമരം 28ാം ദിവസത്തിലേക്ക്; രാജ്യത്തെ എല്ലാവരും ഇന്ന് ഉച്ചഭക്ഷണം ഉപേക്ഷിക്കാൻ ആഹ്വാനം ചെയ്ത് കര്‍ഷകര്‍

|
23 Dec 2020 7:10 AM IST

സമരം ഒരു മാസം പിന്നിടുന്ന ദിവസം മുതൽ റിലയൻസ്, അദാനി കമ്പനികളുടെ ഉത്പന്നങ്ങളും സേവനങ്ങളും ഉപേക്ഷിക്കാനുള്ള പ്രചരണം ശക്തമാക്കാനും കർഷക സംഘടനകൾ തീരുമാനിച്ചു

കാർഷിക പരിഷ്ക്കരണ നിയമങ്ങൾക്കെതിരെ കർഷകരുടെ സമരം 28ാം ദിവസത്തിലേക്ക് കടന്നു. പ്രതിഷേധത്തിന്‍റെ ഭാഗമായി രാജ്യത്തെ എല്ലാവരും ഇന്ന് ഉച്ചഭക്ഷണം ഉപേക്ഷിക്കാൻ കർഷകർ അഭ്യർത്ഥിച്ചു. സമരം ഒരു മാസം പിന്നിടുന്ന ദിവസം മുതൽ റിലയൻസ്, അദാനി കമ്പനികളുടെ ഉത്പന്നങ്ങളും സേവനങ്ങളും ഉപേക്ഷിക്കാനുള്ള പ്രചരണം ശക്തമാക്കാനും കർഷക സംഘടനകൾ തീരുമാനിച്ചു.

കാർഷിക പരിഷ്ക്കരണ നിയമങ്ങൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ മാസം 26നാണ് കർഷകർ സമരം ആരംഭിച്ചത്. ഒരു മാസം പിന്നിടുന്ന ഘട്ടത്തിൽ കോർപ്പറേറ്റ് സമരമായി അതിനെ മാറ്റുകയാണ് കർഷകർ. ഇതിന്‍റെ ഭാഗമായി ജിയോ സിം, ഫോർചുൺ ഭക്ഷ്യ വസ്തുക്കൾ, റിലൈൻസ് പെട്രോൾ പമ്പുകൾ എന്നിവ ഉപേക്ഷിക്കാനുള്ള പ്രചരണം ശക്തമാക്കും. എല്ലാ സംസ്ഥാനങളിലും ജാഥകളും റാലികളും സംഘടിപ്പിക്കും. കർഷക സമരത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇന്നത്തെ ഉച്ച ഭക്ഷണം ഉപേക്ഷിക്കണമെന്ന് രാജ്യത്തെ മുഴുവൻ ജനങ്ങളോടും കർഷകർ അഭ്യർത്ഥിച്ചു. അടുത്ത ഞായറാഴ്ച പ്രധാനമന്ത്രിയുടെ മൻ കി ബാത്ത്‌ പരിപാടി തുടങ്ങുന്ന 11 മണിക്ക് പാത്രം കൊട്ടി പ്രതിഷേധിക്കാനും ആഹ്വാനമുണ്ട്.

ചർച്ചയിൽ പങ്കെടുക്കണമെന്ന് കാട്ടി കേന്ദ്ര കൃഷിമന്ത്രി നൽകിയ കത്തിൽ ഇത് വരെയും സംഘടന നേതാക്കൾ തീരുമാനം എടുത്തില്ല. ക്ഷണം നിരസിക്കേണ്ട എന്ന നിലപാട് കിസാൻ സഭ മറ്റ് സംഘടന നേതാക്കളെ അറിയിച്ചു. ഇന്ന് ചേരുന്ന കിസാൻ കോർഡിനേഷൻ സമിതി വിഷയം ചർച്ച ചെയ്യും. മഹാരാഷ്ട്രയിൽ നിന്നുള്ള കർഷകർ ഇന്ന് ഡൽഹി അതിർത്തികളിലുള്ള സമര പന്തലുകളിൽ എത്തി ചേർന്നേക്കും

Similar Posts