
ഏഴ് മാങ്ങകൾക്ക് കാവലിരിക്കുന്നത് ആറ് നായ്ക്കൾ, രണ്ട് സെക്യൂരിറ്റിക്കാർ !
|മധ്യപ്രദേശിലെ ജപൽപൂരിലാണ് സംഭവം. 'ജപ്പാനീസ് മിയാസാഖി' എന്നാണ് ഈ മാമ്പഴത്തിന്റെ പേര്. രണ്ട് മാവിനാണ് ആറ് കാവൽ നായ്ക്കളും രണ്ട് ആളുകളും ചേർന്ന് കാവലിരിക്കുന്നത്.
കമ്പും വടിയും നായ്ക്കളുമാക്കെയായി വീടിന് കാവലിരിക്കുക എന്നത് അസാധാരണമല്ല. എന്നാൽ ഈ പറയുന്ന സൗകര്യങ്ങളുമായി ഒരു മാവിന് കാവലിരിക്കുക എന്ന് പറഞ്ഞാലോ, ഞെട്ടേണ്ട, സംഗതി സത്യമാണ്. മധ്യപ്രദേശിലെ ജപൽപൂരിലാണ് സംഭവം. 'ജപ്പാനീസ് മിയാസാഖി' എന്നാണ് ഈ മാമ്പഴത്തിന്റെ പേര്. രണ്ട് മാവിനാണ് ആറ് കാവൽ നായ്ക്കളും രണ്ട് ആളുകളും ചേർന്ന് കാവലിരിക്കുന്നത്.
രണ്ട് വർഷം മുമ്പ് റാണിയും സങ്കൽപ് പരിഹാറും ചേർന്നാണ് ജപ്പാനീസ് മിയാസാഖി എന്ന വിഭാഗത്തിൽ പെട്ട മാവിൻ തൈകൾ വെച്ചുപിടിപ്പിച്ചത്. എന്താണ് ഈ മാവിന് പ്രത്യേകത എന്നല്ലെ. ഇന്ത്യയിലെ അപൂർവവും ലോകത്തിലെ തന്നെ ഏറ്റവും വില കൂടിയ മാമ്പഴവുമാണ് ഇവ. അന്താരാഷ്ട്ര വിപണിയിൽ 2.70 ലക്ഷം ആണ് കിലോക്ക് ലഭിക്കുകയെന്നാണ് കർഷകൻ വ്യക്തമാക്കുന്നത്.
കഴിഞ്ഞ വർഷം തങ്ങളുടെ തോട്ടത്തിൽ നിന്ന് ഇവ മോഷണം പോയിരുന്നതായി റാണിയും സങ്കൽപ്പും പറയുന്നു. വിലപിടിപ്പുള്ള മാവാണ് ഇവിടെ വളരുന്നതെന്ന് നാട്ടുകാർക്കിടയിൽ പ്രചരിച്ചിരുന്നു. ഇതാണ് മോഷണത്തിലേക്ക് എത്തിയതെന്നാണ് റാണി പറയുന്നത്. അതിനാലാണ് മികച്ച സുരക്ഷ തന്നെ തന്റെ കൃഷിയിടത്തിന് ഈ ദമ്പതികൾ ഒരുക്കിയത്. ഈ വില കൂടി മാവിൻ തൈകൾ ഈ ദമ്പതികൾക്ക് കിട്ടിയതിന് പിന്നിലും ഒരു കഥയുണ്ട്. തോട്ടത്തിലേക്ക് ചെടികൾ വാങ്ങാനായി ചെന്നൈയിലേക്ക് പോകവെ ട്രെയിനിൽ വെച്ചാണ് ഒരാൾ ഈ വില കൂടിയ മാവിൻ തൈകൾ തന്നതെന്നണ് ഇവർ പറയുന്നത്.

മക്കളെപ്പോലെ നോക്കണം എന്ന് പറഞ്ഞായിരുന്നുവത്രെ ഈ മാവിൻ തൈകൾ ഇദ്ദേഹത്തിന് കൈമാറിയത്. വളർന്ന് വലുതായപ്പോഴാണ് ഇതിന്റെ വിപണിയെക്കുറിച്ചൊക്കെ ഇവർക്ക് ബോധ്യമായത്. മധ്യപ്രദേശ് ഹോർട്ടികോർപ്പ് വകുപ്പും തോട്ടത്തിലെത്തി മാമ്പഴത്തിന്റെ പ്രത്യേകതകൾ അംഗീകരിച്ചതായി ഇവർ പറയുന്നു. ഏതായാലും വാർത്തകൾ പ്രചരിച്ചതോടെ കാവലിന് ഇനിയും ശക്തികൂട്ടേണ്ടി വരുമോ എന്നാണ് ഇവര്‍ ആലോചിക്കുന്നത്.