
ആഗ്രയിലെ ഗ്രാമങ്ങളിൽ ഭീതി വിതച്ച് കോവിഡ്; 20 ദിവസത്തിനിടെ 64 മരണം
|കോവിഡിൻറെ രണ്ടാം തരംഗം തലസ്ഥാനത്തെ ഗ്രാമപ്രദേശങ്ങളിൽ അതിവേഗം വ്യാപിക്കുന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
ആഗ്രയിലെ ഗ്രാമങ്ങളിൽ കോവിഡ് പിടിമുറുക്കുന്നു. കഴിഞ്ഞ 20 ദിവസത്തിനിടെ ആഗ്രയിലെ രണ്ട് ഗ്രാമങ്ങളിൽ നിന്നായി 64 മരണങ്ങളാണ് കോവിഡ് മൂലം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കോവിഡിൻറെ രണ്ടാം തരംഗം തലസ്ഥാനത്തെ ഗ്രാമപ്രദേശങ്ങളിൽ അതിവേഗം വ്യാപിക്കുന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
ആഗ്രയിലെ ബാമരുളി കാത്ര ഗ്രാമത്തിൽ കഴിഞ്ഞ ദിവസങ്ങളിലായി 50 പേരാണ് കോവിഡ് രോഗലക്ഷണങ്ങളോടെ മരണപ്പെട്ടത്. ശ്വാസതടസ്സം നേരിട്ട പലർക്കും ആശുപത്രിയിലേക്കുള്ള യാത്ര മധ്യയേയാണ് ജീവൻ നഷ്ടമായത്. കോവിഡ് ലക്ഷണങ്ങളോടെ കൂടുതൽ പേർ മരിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പ് ഇവിടെ പരിശോധന നടത്തിയിരുന്നു. പക്ഷേ 46 പേർ മാത്രമാണ് കോവിഡ് പരിശോധനക്കെത്തിയത്. ഏകദേശം 40,000ത്തോളമാണ് ഗ്രാമത്തിലെ ജനസംഖ്യ.
ആഗ്രയിലെ തന്നെ മറ്റൊരു ഗ്രാമമായ എമാഡപൂരിലും ഗ്രാമത്തിലും സ്ഥിതി വ്യത്യസ്തമല്ല. 14 പേരാണ് രണ്ടാഴ്ചക്കുള്ളിൽ കോവിഡ് ലക്ഷണങ്ങളോടെ ഈ ഗ്രാമത്തിൽ മരിച്ചത്. 100 പേരെ ടെസ്റ്റ് ചെയ്തതിൽ 27 പേർക്ക് രോഗം സ്ഥിരീകരിച്ചു. അതേസമയം, ഗ്രാമത്തിലുള്ളവർ കോവിഡ് പരിശോധനക്ക് മുന്നോട്ട് വരാത്തത് വലിയ പ്രതിസന്ധിക്കിടയാകുന്നുണ്ടെന്ന് ആരോഗ്യപ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു