< Back
India
പ്രയാഗ്‌രാജില്‍ ഗംഗാതീരത്ത് മൃതദേഹങ്ങള്‍ മണലില്‍ കുഴിച്ചിട്ട നിലയില്‍
India

പ്രയാഗ്‌രാജില്‍ ഗംഗാതീരത്ത് മൃതദേഹങ്ങള്‍ മണലില്‍ കുഴിച്ചിട്ട നിലയില്‍

Web Desk
|
16 May 2021 7:47 PM IST

ശക്തമായ കാറ്റില്‍ മണല്‍ നീങ്ങുമ്പോഴാണ് അഴുകിത്തുടങ്ങിയ മൃതദേഹങ്ങള്‍ പുറത്തുവരുന്നത്.

ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലും ​മണലിൽ കുഴിച്ചിട്ട നിലയിൽ നിരവധി മൃതദേഹങ്ങള്‍ കണ്ടെത്തി. ഇവ കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങളാണോ എന്നത് സ്ഥിരീകരിച്ചിട്ടില്ല. ത്രിവേണി സംഗമത്തിനടുത്തും മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പലരും ഇവിടെയെത്തി മൃതദേഹങ്ങള്‍ മണലില്‍ കുഴിച്ചിടുന്നുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു.

ശക്തമായ കാറ്റില്‍ മണല്‍ നീങ്ങുമ്പോഴാണ് അഴുകിത്തുടങ്ങിയ മൃതദേഹങ്ങള്‍ പുറത്തുവരുന്നത്. തൊട്ടുപിന്നാലെ നായകളും പക്ഷികളും മൃതദേഹാവശിഷ്ടങ്ങള്‍ കടിച്ചുവലിക്കാനും തുടങ്ങി. ഇത് സമീപപ്രദേശത്തുള്ളവർക്ക് ബുദ്ധിമുട്ടായി മാറിയിരിക്കുകയാണ്.

മൃതദേഹങ്ങള്‍ ശരിയായ രീതിയില്‍ സംസ്‌കരിക്കുന്നതിനുള്ള നടപടികളുമായി അധികൃതര്‍ ഇടപെടണമെന്നാവശ്യപ്പെട്ടാണ് സമീപവാസികള്‍ രംഗത്തു വന്നിരിക്കുന്നത്. പ്രദേശത്ത് രോഗങ്ങള്‍ പടര്‍ന്നുപിടിക്കുമോ എന്ന ആശങ്കയും സമീപവാസികള്‍ക്കുണ്ട്.

യു.പിയിലെ ഉന്നാവ് ജില്ലയിലും ഇത്തരത്തില്‍ മൃതദേഹങ്ങള്‍ മണലില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയിരുന്നു. ഗാസിപൂരിലും ബിഹാറിലെ ബക്‌സറിലും കഴിഞ്ഞയാഴ്ചയാണ് നദിയില്‍ ഒഴുകുന്ന നിലയില്‍ നിരവധി മൃതദേഹങ്ങള്‍ കണ്ടെത്തിയത്. തീരത്തടിഞ്ഞ മൃതദേഹങ്ങള്‍ പലതും അഴുകിയ നിലയിലായിരുന്നു. അതേസമയം, മൃതദേഹങ്ങളില്‍ നിന്ന് ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങിയതോടെ ഭക്തരില്‍ പലരും ഗംഗയില്‍ സ്‌നാനം ചെയ്യുന്നത് നിര്‍ത്തിയെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Similar Posts