< Back
India
കാറില്‍ സഞ്ചരിച്ച ഡോക്ടര്‍ ദമ്പതിമാരെ നടുറോഡില്‍ വെടിവെച്ചു കൊന്നു
India

കാറില്‍ സഞ്ചരിച്ച ഡോക്ടര്‍ ദമ്പതിമാരെ നടുറോഡില്‍ വെടിവെച്ചു കൊന്നു

Web Desk
|
29 May 2021 2:42 PM IST

സഹോദരിയെയും മകനെയും തീവെച്ചുകൊന്നതിലുള്ള പ്രതികാരമാണ് കൊലപാതകമെന്ന് പൊലീസ്.

രാജസ്ഥാനില്‍ കാറില്‍ സഞ്ചരിക്കുകയായിരുന്ന ഡോക്ടര്‍ ദമ്പതിമാരെ നടുറോഡില്‍ വെടിവെച്ച് കൊലപ്പെടുത്തി. മോട്ടോര്‍ സൈക്കിളിലെത്തിയ രണ്ടു പേര്‍ കാര്‍ തടഞ്ഞ ശേഷം വെടി വെക്കുകയായിരുന്നു. ഡോക്ടര്‍മാരായ സുധീപ് ഗുപ്തയും ഭാര്യ സീമാ ഗുപതയും സംഭവസ്ഥലത്തു തന്നെ മരിച്ചു.

രാജസ്ഥാനിലെ ഭരത്പുറിലെ നീംദ ഗേറ്റ് പ്രദേശത്താണ് കൊലപാതകം നടന്നത്. സംഭവം ട്രാഫിക് പൊലീസിന്‍റെ സി.സി.ടി.വിയില്‍ പതിഞ്ഞിരുന്നു. 2019-ല്‍ സീമാ ഗുപ്ത കൊലപ്പെടുത്തിയെന്ന് ആരോപിക്കുന്ന സ്ത്രീയുടെ സഹോദരനും ബന്ധുവുമാണ് പ്രതികളെന്ന് പൊലീസ് പറഞ്ഞു. പ്രതികാര നടപടിയുടെ ഭാഗമായാണ് കൊലപാതകമെന്നാണ് പൊലീസിന്‍റെ നിഗമനം.

2019ല്‍ സ്ത്രീയെയും ആറു വയസുകാരനായ മകനെയും കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ് ഡോക്ടര്‍ ദമ്പതികള്‍. സുധീപ് ഗുപ്തയുമായി കൊല്ലപ്പെട്ട സ്ത്രീക്ക് ബന്ധമുണ്ടായിരുന്നുവെന്നാരോപിച്ച് സീമാ ഗുപ്തയും അമ്മയും അവരുടെ വീടിന് തീയിട്ടുവെന്നാണ് കേസ്. സ്ത്രീയും കുഞ്ഞും വെന്തു മരിക്കുകയായിരുന്നു. തുടര്‍ന്ന്, ഡോക്ടര്‍ ദമ്പതികളും അമ്മയും ജയിലിലായിരുന്നു. നിലവില്‍ മൂന്നു പേരും ജാമ്യത്തിലാണ്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രതികളായ രണ്ടു പേരും ഡോക്ടര്‍ ദമ്പതിമാരെ പിന്തുടരുന്നുണ്ടായിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം റോഡില്‍ ആളില്ലാത്ത സമയം നോക്കി ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ തടഞ്ഞു നിര്‍ത്തി വെടിയുതിര്‍ക്കുകയായിരുന്നു. പ്രതികളെ തിരിച്ചറിഞ്ഞെന്നും ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് പറഞ്ഞു.

Related Tags :
Similar Posts