
'ഉത്തരവാദിത്വത്തിൽ നിന്ന് ഒളിച്ചോടുന്ന ഇങ്ങനെയൊരു സർക്കാറിനെ കണ്ടിട്ടില്ല'; തുറന്നടിച്ച് മുൻ കേന്ദ്ര ആരോഗ്യസെക്രട്ടറി
|"കമ്പനികൾ നിശ്ചയിച്ച വിലയ്ക്ക് സംസ്ഥാനങ്ങൾ വാക്‌സിനുകൾ വാങ്ങണമെന്നാണ് പറയുന്നത്. ഇതിലും വലിയ അസംബന്ധം കേട്ടിട്ടില്ല"
ന്യൂഡൽഹി: അതിനിർണായകമായ സാഹചര്യത്തിൽ സ്വന്തം ഉത്തരവാദിത്വത്തിൽ നിന്ന് ഇത്തരത്തിൽ ഒഴിഞ്ഞു മാറുന്ന ഒരു സർക്കാറിനെ കേന്ദ്രത്തിൽ കണ്ടിട്ടില്ലെന്ന് മുൻ കേന്ദ്ര ആരോഗ്യ സെക്രട്ടറി കെ. സുജാത റാവു. കേന്ദ്രത്തിന്റെ പുതിയ വാക്‌സിൻ നയം ഉത്തരങ്ങളേക്കാൾ കൂടുതൽ ചോദ്യമാണ് ഉയർത്തുന്നതെന്നും അവർ പറഞ്ഞു. ബ്ലൂംബര്‍ഗ് ക്വിന്‍റിനോടാണ് അവരുടെ പ്രതികരണം.
'കഴിഞ്ഞ 73 വർഷമായി, പകർച്ച വ്യാധികൾക്ക് കേന്ദ്രസർക്കാറാണ് മരുന്നുകളും വാക്‌സിനുകളും വിതരണം ചെയ്തു കൊണ്ടിരുന്നത്. ഉത്തരവാദിത്വം സ്വന്തം ചുമലിൽ നിന്ന് ഒഴിവാക്കി സംസ്ഥാനങ്ങളെ ഏൽപ്പിക്കുന്നത് ഇത് ആദ്യമായി ഞാൻ കാണുകയാണ്, അതും അതിനിർണായകമായ ഒരു സമയത്ത്. കമ്പനികൾ നിശ്ചയിച്ച വിലയ്ക്ക് സംസ്ഥാനങ്ങൾ വാക്‌സിനുകൾ വാങ്ങണമെന്നാണ് പറയുന്നത്. ഇതിലും വലിയ അസംബന്ധം കേട്ടിട്ടില്ല' - സുജാത റാവു പറഞ്ഞു.
വാക്‌സിനുകൾക്ക് ആവശ്യമായ അസംസ്‌കൃത വസ്തുക്കൾ എത്തിക്കാൻ വിദേശകാര്യമന്ത്രാലയം അടിയന്തര ശ്രദ്ധ നൽകേണ്ടതുണ്ട് എന്നും അവർ അഭിപ്രായപ്പെട്ടു. യുഎസ് പോലുള്ള ചില രാഷ്ട്രങ്ങൾ ചില ഉൽപ്പന്നങ്ങളുടെ കയറ്റുമതി നിരോധിച്ചിട്ടുണ്ട്. വാക്‌സിൻ കമ്പനികൾക്ക് ഈ ഘട്ടത്തിൽ സഹായം ആവശ്യമാണ്- അവർ കൂട്ടിച്ചേർത്തു.
ന്യൂയോർക്ക് ടൈംസിന്റെ കണക്കു പ്രകാരം നൂറിൽ 9.4 പേർ മാത്രമാണ് ഇതുവരെ ഇന്ത്യയിൽ വാക്‌സിനേറ്റ് ചെയ്യപ്പെട്ടിട്ടുള്ളത് എന്നാണ് കണക്ക്. ചൈനയിൽ ഇത് 14ഉം ബ്രസീലിൽ 16 ഉം തുർക്കിയിൽ ഇരുപത്തിയഞ്ചുമാണ്. യുഎസിൽ 64 ഉം. ഇക്കാര്യത്തിലെ ആഗോള ശരാശരി 12 ആണ്.