< Back
India
കോവിഡ് മൂന്നാം തരംഗം എട്ടാഴ്ചയ്ക്കകം; എയിംസ് മേധാവിയുടെ മുന്നറിയിപ്പ്
India

കോവിഡ് മൂന്നാം തരംഗം എട്ടാഴ്ചയ്ക്കകം; എയിംസ് മേധാവിയുടെ മുന്നറിയിപ്പ്

Web Desk
|
19 Jun 2021 12:08 PM IST

ഒന്നാം തരംഗം കഴിഞ്ഞുള്ള ഇടവേളയിൽ നിന്ന്​ നാം പാഠമുൾക്കൊണ്ടില്ലെന്നും ഗുലേറിയ വ്യക്തമാക്കി.

രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ആറു മുതൽ എട്ടാഴ്ചയ്ക്കുള്ളില്‍ സംഭവിക്കുമെന്ന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട്​ ഓഫ്​ മെഡിക്കൽ സയൻസസ് (എയിംസ്)​ മേധാവി ഡോ. രൺദീപ്​ ഗുലേറിയ. മൂന്നാം തരംഗം ഒഴിച്ചുകൂടാനാവത്തതാണെന്നും അദ്ദേഹം പറഞ്ഞു. ദേശീയ ടെലിവിഷൻ ചാനലിന്​ നൽകിയ അഭിമുഖത്തിലാണ്​ മുന്നറിയിപ്പ്​.

രാജ്യം വീണ്ടും തുറന്നതോടെ കോവിഡ്​ മുൻകരുതൽ കുറഞ്ഞത്​ വില്ലനാകുന്നു. ഒന്നാം തരംഗം കഴിഞ്ഞുള്ള ഇടവേളയിൽ നിന്ന്​ നാം പാഠമുൾക്കൊണ്ടില്ലെന്നും ഗുലേറിയ വ്യക്തമാക്കി. ദേശീയ തലത്തില്‍ കേസുകളുടെ എണ്ണം ഉയരാന്‍ സമയമെടുക്കും. പക്ഷെ, ആറുമുതല്‍ എട്ടാഴ്ചക്കുള്ളില്‍ മൂന്നാം തരംഗം ഉണ്ടാകും. ചിലപ്പോള്‍ അത് കുറച്ചു നീണ്ടേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോവിഷീല്‍ഡ് വാക്സിന്‍റെ ഇടവേള ദീർഘിപ്പിച്ചത് തെറ്റായ കാര്യമല്ല. കൂടുതല്‍പേര്‍ക്ക് വാക്സിന്‍ സംരക്ഷണം നല്‍കുകയാണ് പ്രധാനം. വൈറസ് വകഭേദങ്ങളെക്കുറിച്ച് കൂടുതല്‍ ഗവേഷണം ആവശ്യമാണ്. ഡെല്‍റ്റ പ്ലസ് വകഭേദം ആശങ്കയുണര്‍ത്തുന്നതാണെന്നും രണ്‍ദീപ് ഗുലേറിയ പറഞ്ഞു.

ആഴ്ചകള്‍ നീണ്ട ലോക്ക്ഡൗണിനു ശേഷം വിവിധ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങളില്‍ ഇളവു വരുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് മുന്നറിയിപ്പുമായി എയിംസ് മേധാവി രംഗത്തെത്തിയത്. മൂന്നാം തരംഗത്തിന്‍റെ ആശങ്കയില്‍ സംസ്ഥാനങ്ങള്‍ മുന്‍കരുതലുകള്‍ സ്വീകരിച്ചുവരികയാണ്.

Similar Posts