< Back
India
കോവിഡ് രോഗിയായ 45കാരിയെ ആശുപത്രി ജീവനക്കാര്‍ ലൈംഗികമായി പീഡിപ്പിച്ചു; വെളിപ്പെടുത്തലുമായി മകള്‍
India

കോവിഡ് രോഗിയായ 45കാരിയെ ആശുപത്രി ജീവനക്കാര്‍ ലൈംഗികമായി പീഡിപ്പിച്ചു; വെളിപ്പെടുത്തലുമായി മകള്‍

Web Desk
|
20 May 2021 3:08 PM IST

സ്ത്രീയുടെ മരണത്തിനു പിന്നാലെ മകൾ സാമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തിലൂടെയാണ് സംഭവം പുറംലോകമറിയുന്നത്.

കോവിഡ് രോഗിയായ സ്ത്രീയെ ആശുപത്രി ജീവനക്കാര്‍ ലൈംഗികാതിക്രമത്തിനിരയാക്കിയതായി പരാതി. ബിഹാറിലെ പാട്നയില്‍ പരാസ്- എച്ച്.എം.ആർ.ഐ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ 45കാരിയെ ജീവനക്കാരായ നാലോളം പേർ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് ആരോപണം.

ചികിത്സയ്ക്കിടെ സ്ത്രീ മരണപ്പെട്ടതിനു പിന്നാലെ മകളാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. താന്‍ നേരിട്ട ദുരനുഭവം അവര്‍ വീഡിയോ സന്ദേശമായി മകൾക്ക് നൽകിയിരുന്നു. ഈ വീഡിയോ മകൾ സാമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറംലോകമറിയുന്നത്.

മെയ് 15നാണ് കോവിഡ് ലക്ഷണങ്ങളോടെ 45കാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നില ഗുരുതരമായതോടെ വെന്‍റിലേറ്ററിലേക്ക് മാറ്റി. തുടർന്ന് 19ന് രാവിലെ അവർ മരണത്തിന് കീഴടങ്ങി. മെയ് 16ന് വൈകിട്ട് ആറു മണിക്കും മെയ് 17ന് രാവിലെ 11 മണിക്കും ഇടയിൽ സ്ത്രീയ്ക്ക് നേരേ ലൈംഗികാതിക്രമം നടന്നതായാണ് പരാതി.

സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണെന്നാണ് പൊലീസിന്‍റെ പ്രതികരണം. വിഷയത്തില്‍ ദേശീയ വനിത കമ്മീഷനും ഇടപെട്ടിട്ടുണ്ട്. ബിഹാർ ചീഫ് സെക്രട്ടറിയോടും പൊലീസ് മേധാവിയോടും ദേശീയ വനിത കമ്മീഷൻ അധ്യക്ഷ രേഖ ശര്‍മ റിപ്പോർട്ട് തേടി.

അതേസമയം, ആശുപത്രി അധികൃതർ ആരോപണങ്ങൾ നിഷേധിച്ച് രംഗത്തെത്തി. അന്വേഷണവുമായി സഹകരിക്കുമെന്നും എന്നാൽ ആശുപത്രിക്കെതിരായ ആരോപണങ്ങൾ തെറ്റാണെന്നും ആശുപത്രി മാനേജ്മെന്‍റ് പ്രസ്താവനയിലൂടെ അറിയിച്ചു.

Related Tags :
Similar Posts