< Back
India
രാജ്യത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം രണ്ട് ലക്ഷത്തിലേക്ക്
India

രാജ്യത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം രണ്ട് ലക്ഷത്തിലേക്ക്

Web Desk
|
15 April 2021 6:14 AM IST

രോഗികൾ മൂന്ന് ലക്ഷത്തിലേക്ക് ഉയരുമെന്ന് മുന്നറിയിപ്പ്. മതിയായ ചികിത്സ നൽകാനാകാതെ ഗുജറാത്തും ഛത്തിസ്ഗഢും

രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ രണ്ട് ലക്ഷത്തിലേക്ക്. സംസ്ഥാനങ്ങള്‍ പുറത്തുവിട്ട കണക്ക് പ്രകാരം പ്രതിദിന കേസുകള്‍ 1.94 ലക്ഷം കടന്നു. രണ്ടാം തരംഗം മെയ് വരെ നീളാമെന്നും പ്രതിദിന കേസുകള്‍ 3 ലക്ഷത്തിലെത്തുമെന്നും വൈറോളജിസ്റ്റ് ഷാഹിദ് ജമീൽ പറഞ്ഞു. പര്യാപ്തമായ ചികിത്സയും മൃതദേഹങ്ങള്‍ സംസ്കരിക്കാനുള്ള സൌകര്യവും ഒരുക്കാനാകാതെ ഗുജറാത്ത്, ഛത്തിസ്ഗഢ് അടക്കമുള്ള സംസ്ഥാനങ്ങള്‍ വലയുകയാണ്.

രാജ്യത്ത് കോവിഡ് പ്രതിദിന കേസുകള്‍ അതിവേഗമാണ് രണ്ട് ലക്ഷത്തിലേക്ക് അടുത്തത്. മെയ് വരെ ഇതേ സാഹചര്യം തുടരുമെന്നും പ്രതിദിന വർധനവ് 7 ശതമാനം രേഖപ്പെടുത്തി മൂന്ന് ലക്ഷം വരെ കേസുകള്‍ എത്തുമെന്നുമാണ് വൈറോളജിസ്റ്റ് ഷാഹിദ് ജമീല്‍ പറയുന്നത്. വൈറസിന്റെ വേഗത വർധിച്ചു. ഏഷ്യന്‍ രാജ്യങ്ങളില്‍ 2022 വരെ രോഗബാധ നീണ്ട് നില്‍ക്കാന്‍ ഇടയുണ്ടെന്നും ഷാഹിദ് ജമീല്‍ പറയുന്നു.

58,952 കേസുകളും 278 മരണവും രേഖപ്പെടുത്തിയ മഹാരാഷ്ട്രയില്‍ ഇന്നലെ 8 മണിക്ക് ആരംഭിച്ച കർഫ്യൂ ഏപ്രില്‍ 30 വരെ തുടരും. ഉത്തർപ്രദേശില്‍ 20,510 കേസുകളും 67 മരണവുമായി റെക്കോർഡ് വർധനവാണ് രേഖപ്പെടുത്തിയത്. 7,410 കേസുകളും 73 മരണവും റിപ്പോർട്ട് ചെയ്ത ഗുജറാത്തിലും ഛത്തിസ്ഗഢിലും ചികിത്സക്കും മൃതദേഹങ്ങള്‍ സംസ്കരിക്കാനും കഴിയാത്ത അവസ്ഥയാണ്. ഗുജറാത്തില്‍ ശ്മശാനങ്ങള്‍ക്കും ആശുപത്രികള്‍ക്കും മുന്നില്‍ ആംബുലന്‍സുകളുടെ നീണ്ട നിരയാണ്. ഛത്തിസ്ഗഢില്‍ ട്രക്കുകളിലാണ് ശ്മശാനങ്ങളിലേക്ക് മൃതദേഹം എത്തിക്കുന്നത്.

ഉത്തരാഖണ്ഡില്‍ 30 ലക്ഷത്തില്‍ അധികം പേർ പങ്കെടുക്കുന്ന കുംഭമേള 30 വരെ തുടരുമെന്ന് അധികൃതർ അറിയിച്ചു. കുംഭമേളക്കെത്തിയവരില്‍ 1000ല്‍ അധികം പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. വാക്സിന്‍ ക്ഷാമം ഇല്ലെന്നും വിതരണ കേന്ദ്രങ്ങള്‍ വർധിപ്പിക്കുമെന്നും പ്രധാനമന്ത്രി ആവർത്തിച്ചു. സംസ്ഥാനങ്ങള്‍ കൃത്യമായി വാക്സിന്‍ ഉപയോഗിക്കണമെന്നും പ്രധാനമന്ത്രി ഗവർണർമാരുമായുള്ള യോഗത്തില്‍ ആവശ്യപ്പെട്ടു.

Similar Posts