< Back
India
കടുത്ത നിയന്ത്രണങ്ങള്‍ നടപ്പിലാക്കിയാല്‍ കോവിഡ് മൂന്നാം തരംഗം ഒരിക്കലും ഇന്ത്യയിലെത്തില്ലെന്ന് കേന്ദ്ര ശാസ്ത്ര ഉപദേഷ്ടാവ്
India

കടുത്ത നിയന്ത്രണങ്ങള്‍ നടപ്പിലാക്കിയാല്‍ കോവിഡ് മൂന്നാം തരംഗം ഒരിക്കലും ഇന്ത്യയിലെത്തില്ലെന്ന് കേന്ദ്ര ശാസ്ത്ര ഉപദേഷ്ടാവ്

Web Desk
|
8 May 2021 8:09 AM IST

ശക്തമായ നടപടികൾ കൈക്കൊള്ളുകയാണെങ്കിൽ, മൂന്നാമത്തെ തരംഗം യഥാർത്ഥത്തിൽ എവിടെയും സംഭവിക്കാനിടയില്ല

കോവിഡ് രണ്ടാം തരംഗത്തില്‍ ആടിയുലയുമ്പോഴും മൂന്നാം തരംഗത്തിന്‍റെ ഭീതിയിലാണ് ഇന്ത്യ. മൂന്നാം തരംഗം കുട്ടികളെയും ബാധിക്കുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. എന്നാല്‍ കടുത്ത നടപടികള്‍ കൈക്കൊള്ളുകയും അവ ഫലപ്രദമായി നടപ്പിലാക്കുകയും ചെയ്താല്‍ മൂന്നാം തരംഗം ഇന്ത്യയിലെത്തില്ലെന്ന് കേന്ദ്ര ശാസ്ത്ര ഉപദേഷ്ടാവ് ഡോ.കെ.വിജയരാഘവന്‍ പറഞ്ഞു. ആരോഗ്യ മന്ത്രാലയത്തിന്‍റെ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശക്തമായ നടപടികൾ കൈക്കൊള്ളുകയാണെങ്കിൽ, മൂന്നാമത്തെ തരംഗം യഥാർത്ഥത്തിൽ എവിടെയും സംഭവിക്കാനിടയില്ല. പ്രാദേശിക തലത്തിലും സംസ്ഥാനങ്ങളിലും ജില്ലകളിലും നഗരങ്ങളിലും എല്ലായിടത്തും മാർഗ്ഗനിർദ്ദേശങ്ങൾ എത്രത്തോളം ഫലപ്രദമായി നടപ്പാക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുമത്. മൂന്നാം തരംഗം ഉറപ്പായും ഇന്ത്യയെ ബാധിക്കുമെന്ന് രണ്ട് ദിവസം മുന്‍പ് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മൂന്നാം തരംഗം രാജ്യത്തെ ബാധിച്ചേക്കില്ലെന്ന അഭിപ്രായമുന്നയിച്ചിരിക്കുന്നത്. വൈറസിന്‍റെ വകഭേദങ്ങള്‍ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മൂന്നാം തരംഗം എപ്പോള്‍ വരുമെന്ന് പ്രവചിക്കാനാവില്ല. അത് അനിവാര്യമാണ്. അതിനെ അഭിമുഖീകരിക്കാന്‍ നമ്മള്‍ എപ്പോഴും തയ്യാറായിരിക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്.

അതേസമയം, ഒരു ലക്ഷത്തിലധികം സജീവ കേസുകളുള്ള 12 സംസ്ഥാനങ്ങളുണ്ടെന്നും ഏഴ് സംസ്ഥാനങ്ങളിൽ 50,000 മുതൽ 1 ലക്ഷം വരെയാണ് കേസുകൾ ഉള്ളതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 24 സംസ്ഥാനങ്ങളിൽ നിലവിൽ പോസിറ്റീവ് നിരക്ക് 15 ശതമാനത്തിന് മുകളിലാണെന്നും ഒമ്പതിൽ 5-15 ശതമാനം വരെയാണെന്നും മന്ത്രാലയം അറിയിച്ചു. മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഡല്‍ഹി, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തില്‍ കുറവ് കാണിക്കുമ്പോള്‍ കര്‍ണാടക,കേരളം, ബംഗാള്‍, തമിഴ്നാട്, ഒഡിഷ എന്നിവിടങ്ങളില്‍ കേസുകള്‍ ഉയരുന്ന പ്രവണതയാണ് കാണിക്കുന്നതെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.

Similar Posts