< Back
India
ഓക്സിജന്‍ കിട്ടാതെയുള്ള മരണം കൂട്ടക്കൊലയ്ക്ക് തുല്യമെന്ന് കോടതി
India

ഓക്സിജന്‍ കിട്ടാതെയുള്ള മരണം കൂട്ടക്കൊലയ്ക്ക് തുല്യമെന്ന് കോടതി

Web Desk
|
5 May 2021 10:36 AM IST

ശാസ്ത്രം വളരെയധികം പുരോഗമിച്ച ഈ കാലഘട്ടത്തില്‍ എങ്ങനെയാണ് മനുഷ്യരെ ഇങ്ങനെ മരിക്കാന്‍ വിടാന്‍ കഴിയുകയെന്ന് കോടതി

ആശുപത്രികളിലേക്ക് ഓക്സിജൻ വിതരണം ചെയ്യാതിരുന്നത് കാരണം കോവിഡ് രോഗികള്‍ മരിച്ചത് ക്രിമിനല്‍ കുറ്റമെന്ന് അലഹബാദ് ഹൈക്കോടതി. കൂട്ടക്കൊലയ്ക്ക് തുല്യമാണിതെന്നും കോടതി നിരീക്ഷിച്ചു. ഉത്തര്‍ പ്രദേശിലെ ലഖ്നൌവിലും മീററ്റിലും ഓക്സിജന്‍ കിട്ടാതെ ആളുകള്‍ മരിച്ച സംഭവത്തിലാണ് കോടതിയുടെ പ്രതികരണം.

ജസ്റ്റിസുമാരായ സിദ്ധാർഥ് വർമ, ജസ്റ്റിസ് അജിത് കുമാർ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് ഈ പരാമര്‍ശം നടത്തിയത്.ശാസ്ത്രം വളരെയധികം പുരോഗമിച്ച ഈ കാലഘട്ടത്തില്‍ എങ്ങനെയാണ് മനുഷ്യരെ ഇങ്ങനെ മരിക്കാന്‍ വിടാന്‍ കഴിയുക? ഹൃദയം മാറ്റിവെയ്ക്കലും മസ്തിഷ്ക ശസ്ത്രക്രിയയും പോലും നടക്കുമ്പോൾ നമ്മുടെ ജനങ്ങളെ എങ്ങനെ ഈ രീതിയിൽ മരിക്കാൻ വിടാനാകും എന്നാണ് ജസ്റ്റിസുമാരുടെ ചോദ്യം.

മീററ്റ് മെഡിക്കല്‍ കോളജിലെ ട്രോമ കെയര്‍ സെന്‍ററില്‍ ഓക്സിജന്‍ കിട്ടാതെ അഞ്ച് രോഗികള്‍ മരിച്ച റിപ്പോര്‍ട്ട് കോടതി പരാമര്‍ശിച്ചു- "സാധാരണയായി സോഷ്യൽ മീഡിയയിൽ വൈറലായ ഇത്തരം വാർത്തകൾ അന്വേഷിക്കാൻ ഞങ്ങൾ സംസ്ഥാന-ജില്ലാ ഭരണകൂടത്തോട് നിർദേശിക്കുമായിരുന്നില്ല, എന്നാൽ ഈ പൊതുതാൽപര്യ ഹർജിയിൽ ഹാജരായ അഭിഭാഷകരും അത്തരം സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി. ഇതുതന്നെയാണ് സംസ്ഥാനത്തെ മറ്റ് പല ജില്ലകളിലെയും അവസ്ഥ. സർക്കാർ അടിയന്തര പരിഹാര നടപടിയെടുക്കണം"- അലഹബാദ് ഹൈക്കോടതി ആവശ്യപ്പെട്ടു.

ഓക്സിജന്‍ ക്ഷാമവുമായി ബന്ധപ്പെട്ട വാര്‍ത്തകളെ കുറിച്ച് അന്വേഷിച്ച് 48 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ കോടതി ലഖ്‌നൗ ജില്ലാ മജിസ്‌ട്രേറ്റിനും മീററ്റ് ജില്ലാ മജിസ്‌ട്രേറ്റിനും നിർദേശം നൽകി. അടുത്ത വാദം കേൾക്കുന്ന ദിവസം ഓൺലൈനായി കോടതിയിൽ ഹാജരാകാനും നിർദേശിച്ചു.

Similar Posts