< Back
India
കോവിഡ് ഭീതിക്കിടെ തെരഞ്ഞെടുപ്പ് ഡ്യൂട്ടി: യു.പിയില്‍ അധ്യാപകരുടെ കൂട്ടമരണമെന്ന് സംഘടനകള്‍
India

കോവിഡ് ഭീതിക്കിടെ തെരഞ്ഞെടുപ്പ് ഡ്യൂട്ടി: യു.പിയില്‍ അധ്യാപകരുടെ കൂട്ടമരണമെന്ന് സംഘടനകള്‍

Web Desk
|
19 May 2021 10:31 AM IST

കോവിഡ് ഭീഷണിയുടെ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് നീട്ടിവെക്കാന്‍ സംഘടന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

തെരഞ്ഞെടുപ്പ് ചുമതലയെ തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ കോവിഡ് ബാധിച്ച് മരിച്ച അധ്യാപകരുടെ എണ്ണം ആയിരം കവിഞ്ഞതായി അധ്യാപക സംഘടനകള്‍. കോവിഡ് പശ്ചാതലത്തില്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ചുമതല നിര്‍വഹിച്ചതോടെ, കോവിഡ് ബാധിച്ച് മരിച്ച അധ്യാപകരുടെ എണ്ണം 706 ല്‍ നിന്നും 1,621 ആയി ഉയര്‍ന്നതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് അയച്ച കത്തില്‍ സംഘടന പറഞ്ഞു.

പ്രാഥമിക് ശിക്ഷക് സംഘ് എന്ന സംഘടനയാണ് മുഖ്യമന്ത്രിക്ക് കത്തയച്ചത്. മരണപ്പെട്ട അധ്യാപകരുടെയും മറ്റു സ്റ്റാഫുകളുടെയും വിവരങ്ങള്‍ ഉള്‍പ്പടെയാണ് സംഘം മുഖ്യമന്ത്രിക്ക് കത്തയച്ചത്. തെരഞ്ഞെടുപ്പ് കഴിഞ്ഞുള്ള മെയ് മാസത്തിലാണ് ഏറ്റവും കൂടുതല്‍ മരണം സംഭവിച്ചിട്ടുള്ളത്.

ഏപ്രില്‍ അവസാനത്തോടെയാണ് യു.പിയിലെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടം പൂര്‍ത്തിയാകുന്നത്. കോവിഡ് ഭീഷണിയുടെ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് നീട്ടിവെക്കാന്‍ സംഘടന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. സുപ്രീംകോടതിയില്‍ ഹരജിയും സമര്‍പ്പിച്ചു. എന്നാല്‍ കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചതിനാല്‍ ഹരജി കോടതി തള്ളുകയാണുണ്ടായത്.

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ മരിച്ചവരെ കോവിഡ് പോരാളികളായി പ്രഖ്യാപിക്കണമെന്നും, ഓരോരുത്തരുടെയും കുടുംബത്തിന് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്നും സംഘടന ആവശ്യപ്പെട്ടു. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആയിരത്തി അറുന്നൂറിനും മേലെയായിരിക്കുമെന്ന ആര്‍.എസ്.എസ് അനുകൂല അധ്യപക സംഘടനയായ അഖില ഭാരതീയ രാഷ്ട്രീയ ശൈക്ഷിക് മഹാസംഘും പറഞ്ഞു.

Similar Posts