< Back
India
കോവിഡിൽ നിർമാണം നിർത്തിവയ്ക്കില്ല; പ്രധാനമന്ത്രിയുടെ പുതിയ വസതി അടുത്ത വർഷം തന്നെ സജ്ജമാകും
India

കോവിഡിൽ നിർമാണം നിർത്തിവയ്ക്കില്ല; പ്രധാനമന്ത്രിയുടെ പുതിയ വസതി അടുത്ത വർഷം തന്നെ സജ്ജമാകും

Web Desk
|
3 May 2021 6:32 PM IST

ഉപരാഷ്ട്രപതിയുടെ പുതിയ വസതി 2022 മെയിൽ, പ്രധാനമന്ത്രിയുടെ വസതി 2022 ഡിസംബറിലും നിർമാണം പൂർത്തിയാക്കും

കോവിഡിനെ പിടിച്ചുകെട്ടാൻ കഴിയാതെ വിദേശ രാഷ്ട്രങ്ങളുടെ സഹായം തേടുമ്പോഴും കോടികൾ ചെലവിട്ട് പ്രധാനമന്ത്രിയുടെ പുതിയ വസതിയുടെ നിർമാണത്തിനുള്ള ഒരുക്കങ്ങൾ തകൃതിയാണ്. 2022 ഡിസംബറിനകം പുതിയ വസതിയുടെ പ്രവൃത്തി പൂർത്തീകരിക്കുമെന്നാണ് കേന്ദ്ര പൊതുമരാമത്ത് വകുപ്പ് നൽകുന്ന വിവരം.

13,450 കോടി രൂപ ചെലവു വരുന്ന സെൻട്രൽ വിസ്ത പദ്ധതിയാണ് കോവിഡ് അടിയന്തരാവസ്ഥയ്ക്കിടയിലും മുടക്കമില്ലാതെ തുടരുന്നത്. പാർലമെന്റ് കെട്ടിടം, സർക്കാർ ഭരണ കാര്യാലയങ്ങൾ, പ്രധാനമന്ത്രിയുടെയും ഉപരാഷ്ട്രപതിയുടെയും വസതികൾ തുടങ്ങിയവയാണ് പദ്ധതി പ്രകാരം പുനർനിർമിക്കുന്നത്. രാഷ്ട്രപതി ഭവൻ മുതൽ ഇന്ത്യ ഗേറ്റ് വരെയുള്ള നാല് കി.മീറ്റർ ദൂരപ്രദേശത്താണ് പുതിയ നിർമാണ പ്രവൃത്തികൾ നടക്കുന്നത്.

ഉപരാഷ്ട്രപതിയുടെ വസതിയുടെ നിർമാണം അടുത്ത വർഷം മെയിൽ പൂർത്തീകരിക്കും. പ്രധാനമന്ത്രിയുടെ വസതിക്കൊപ്പം പ്രധാനമന്ത്രിയുടെ പ്രത്യേക സുരക്ഷാ വിഭാഗമായ എസ്പിജിയുടെയുടെയും ഉദ്യോഗസ്ഥരുടെയും ആസ്ഥാനങ്ങളും ഡിസംബറിൽ തന്നെ പൂർത്തീകരിക്കും. മൊത്തം നിർമാണങ്ങൾ 2024ൽ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിനു മുൻപ് തന്നെ പൂർത്തീകരിക്കാനാണ് കേന്ദ്ര സർക്കാർ പദ്ധതി.

കോവിഡ് അതിരൂക്ഷമാകുന്നതിനിടെ രാജ്യത്ത് നിർമാണ പ്രവൃത്തികളെല്ലാം നിർത്തിവച്ചപ്പോഴാണ് പ്രധാനമന്ത്രിയുടെ വസതികളുടെയടക്കം നിർമാണ പ്രവൃത്തികൾ തടസമില്ലാതെ തുടരുന്നത്. പ്രതിപക്ഷത്തിന്റെ വിമർശനങ്ങൾക്കിടയിലും നിർമാണ പ്രവൃത്തികൾ മുൻനിശ്ചയിച്ചപ്രകാരം തുടരാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. നിർമാണ പ്രവൃത്തികൾ തടയില്ലെന്ന് സുപ്രീംകോടതിയും വ്യക്തമാക്കിയിട്ടുണ്ട്.

Similar Posts