< Back
India
ആവശ്യങ്ങൾ അംഗീകരിക്കും വരെ കർഷകരുടെ കൂടെ നിൽക്കും: മമത ബാനർജി
India

ആവശ്യങ്ങൾ അംഗീകരിക്കും വരെ കർഷകരുടെ കൂടെ നിൽക്കും: മമത ബാനർജി

Web Desk
|
9 Jun 2021 7:23 PM IST

ഒരു ഭാഗത്ത് പ്രകൃതി ദുരന്തവും മറുഭാഗത്ത് കേന്ദ്ര സർക്കാർ ഉണ്ടാക്കിയ രാഷ്ട്രീയ ദുരന്തത്തെയും നേരിടേണ്ട അവസ്ഥയിലാണ് നമ്മള്‍

ആവശ്യങ്ങൾ അംഗീകരിക്കും വരെ കർഷകരുടെ കൂടെ നിൽക്കുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. പുതിയ കാർഷിക നിയമങ്ങൾക്കെതിരേ പ്രമേയം പാസാക്കിയ സർക്കാരാണ് ഞങ്ങളുടേത്. ഇനിയും കർഷകരുടെ കൂടെ തന്നെ നിൽക്കാനാണ് ഞങ്ങളുടെ തീരുമാനം.-മമത പറഞ്ഞു. കഴിഞ്ഞ ഏഴുമായമായി കർഷകരോട് സംസാരിക്കാൻ പോലും കേന്ദ്ര സർക്കാർ തയ്യാറായിട്ടില്ലെന്നും മമത പറഞ്ഞു. വിവാദമായ മൂന്ന് കാർഷിക നിയമങ്ങളും എത്രയും പെട്ടെന്ന് പിൻവലിക്കണമെന്നും മമത ആവശ്യപ്പെട്ടു.

ഒരു ഭാഗത്ത് പ്രകൃതി ദുരന്തവും മറുഭാഗത്ത് കേന്ദ്ര സർക്കാർ ഉണ്ടാക്കിയ രാഷ്ട്രീയ ദുരന്തത്തെയും നേരിടേണ്ട അവസ്ഥയിലാണ് നമ്മളെന്നും മമത കൂട്ടിച്ചേർത്തു.

രാജ്യത്തെ കർഷകരുടെ പ്രശ്‌നങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ ഭാരതീയ കിസാൻ യൂണിയൻ (ബികെയു) നേതാവ് രാകേഷ് ടിക്കായത് മമത ബാനർജിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയിൽ മമത കർഷകർക്ക് എല്ലാ പിന്തുണയും നൽകിയെന്ന് രാകേഷ് ടിക്കായത്ത് അറിയിച്ചു. മമതയുടെ പിന്തുണയ്ക്ക് തങ്ങൾ നന്ദി പറയുന്നുവെന്നും പശ്ചിമ ബംഗാൾ കർഷകർക്ക് ഒരു മാതൃക സംസ്ഥാനമായി മാറുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. കാർഷിക നിയമങ്ങൾ പിൻവലിക്കാൻ പ്രധാനമന്ത്രിക്ക് കത്തയ്ക്കാനും മമതയോട് രാകേഷ് ആവശ്യപ്പെട്ടു.

കർഷകർക്കു വേണ്ടി കർഷകർ തന്നെ ഓരോ മാസവും പശ്ചിമ ബംഗാളിൽ യോഗം സംഘടിപ്പിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ചില സംസ്ഥാനങ്ങളിൽ ഇത്തരത്തിൽ യോഗങ്ങൾ നടക്കുന്നുണ്ടെന്നും രാകേഷ് ചൂണ്ടിക്കാട്ടി. എല്ലാ സംസ്ഥാനങ്ങളും ആ യോഗം നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കർഷക സമരം ശക്തമായി തന്നെ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Similar Posts