< Back
India
കോവിഡ് വാക്‌സിനെടുത്തില്ലെങ്കിൽ മദ്യവും ശമ്പളവും കിട്ടില്ല; അറ്റകൈ പ്രയോഗവുമായി ഉത്തർപ്രദേശ് അധികൃതർ
India

കോവിഡ് വാക്‌സിനെടുത്തില്ലെങ്കിൽ മദ്യവും ശമ്പളവും കിട്ടില്ല; അറ്റകൈ പ്രയോഗവുമായി ഉത്തർപ്രദേശ് അധികൃതർ

Web Desk
|
30 May 2021 8:34 PM IST

വാക്‌സിനേഷന്‍ ബോധവൽക്കരണങ്ങളെല്ലാം വിഫലമായതോടെയാണ് പതിനെട്ടാമത്തെ അടവുമായി യുപി ഭരണകൂടം രംഗത്തെത്തിയിരിക്കുന്നത്

ദിവസങ്ങൾക്കുമുൻപാണ് ഉത്തർപ്രദേശിലെ ഒരു ഗ്രാമത്തിൽ കോവിഡ് വാക്‌സിൻ നൽകാനെത്തിയ ഉദ്യോസ്ഥരെ കണ്ട് ജനങ്ങൾ ഭയന്നോടിയത്. ബാരാബംഗി ജില്ലയിലെ സിസോദ ഗ്രാമത്തിലായിരുന്നു സംഭവം. ആരോഗ്യ പ്രവർത്തകരെത്തിയപ്പോൾ വാക്‌സിനേഷൻ പേടിച്ച് ജനങ്ങൾ സരയൂ നദിയിലേക്ക് എടുത്തുചാടുകയായിരുന്നു.

വാക്‌സിൻ ബോധവൽക്കരണങ്ങളെല്ലാം വിഫലമായതോടെ പതിനെട്ടാമത്തെ അടവ് പയറ്റാനുള്ള ശ്രമത്തിലാണിപ്പോള്‍ ഉത്തർപ്രദേശ് ഭരണകൂടം. ഇനിമുതൽ വാക്‌സിനെടുക്കാത്തവർക്ക് മദ്യം ലഭിക്കില്ലെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ഇക്കാര്യം വിവിധ ജില്ലകളിലുള്ള മദ്യഷാപ്പുടമളെ നേരിട്ടുതന്നെ ജില്ലാ ഭരണകൂടങ്ങൾ അറിയിച്ചിട്ടുണ്ട്. വാക്‌സിനെടുക്കാത്തവർക്ക് മദ്യം നൽകരുതെന്നും ഉത്തരവ് കർശനമായി പാലിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. വാക്‌സിനേഷൻ കാർഡ് ഹാജരാക്കിയാൽ മാത്രമേ മദ്യം നൽകാൻ പാടുള്ളൂ എന്നാണ് നിർദേശം. ഉത്തരവ് പ്രാബല്യത്തിൽ വന്നതിനു പിറകെ മദ്യഷാപ്പുകളിൽ അധികൃതർ പരിശോധന ആരംഭിച്ചിട്ടുണ്ട്. മദ്യഷാപ്പിനുമുന്‍പിലെ വരിയിലുള്ള വാക്‌സിനെടുക്കാത്തവരെ അധികൃതർ തിരിച്ചയച്ചു.

ഉത്തർപ്രദേശിലെ തന്നെ ഫിറോസാബാദ് ജില്ലയിൽ സർക്കാർ ജീവനക്കാരും വാക്‌സിനേഷനോട് വിമുഖത കാണിക്കുന്നുണ്ടെന്നാണ് വ്യക്തമാകുന്നത്. ഇവിടെ ഈ മാസം മുതൽ വാക്‌സിനെടുക്കാത്ത ഉദ്യോഗസ്ഥർക്ക് ശമ്പളം ലഭിക്കില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിരിക്കുകയാണ്. ഉത്തരവ് കൃത്യമായി പാലിക്കാൻ ബന്ധപ്പെട്ട സർക്കാർ വകുപ്പുകൾക്കു കർശന നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്.

അതേസമയം, ഉത്തർപ്രദേശിലെ ജനസംഖ്യയുടെ തോതിനനുസരിച്ച് വാക്‌സിൻ ലഭ്യമാണോ എന്ന കാര്യം വ്യക്തമല്ല. സംസ്ഥാനത്ത് ഇപ്പോഴും വാക്‌സിന് കടുത്ത ക്ഷാമമാണ് നേരിടുന്നതെന്നാണ് ആരോഗ്യ പ്രവർത്തകർ നൽകുന്ന വിവരം.

Similar Posts