< Back
India
ടെസ്റ്റുണ്ട്, ഓടിക്കോ... ബിഹാറിൽ കോവിഡ് ടെസ്റ്റ് പേടിച്ച് ഓടുന്നവരുടെ ദൃശ്യങ്ങൾ വൈറൽ
India

ടെസ്റ്റുണ്ട്, ഓടിക്കോ... ബിഹാറിൽ കോവിഡ് ടെസ്റ്റ് പേടിച്ച് ഓടുന്നവരുടെ ദൃശ്യങ്ങൾ വൈറൽ

Web Desk
|
17 April 2021 12:31 PM IST

കുട്ടികളും സ്ത്രീകളും അടങ്ങുന്ന നിരവധി പേർ അതിവേഗത്തിൽ ഓടിപ്പോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്

പട്‌ന: ബിഹാറിലെ ബക്‌സർ റെയിൽവേ സ്‌റ്റേഷനിൽ കോവിഡ് പരിശോധ പേടിച്ച് ഓടുന്ന യാത്രക്കാരുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. കുട്ടികളും സ്ത്രീകളും അടങ്ങുന്ന നിരവധി പേർ അതിവേഗത്തിൽ ഓടിപ്പോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

പൂനെ-പട്‌ന തീവണ്ടിയിൽ നിന്ന് ഇറങ്ങിയ യാത്രക്കാരെയാണ് സ്റ്റേഷനിൽ വച്ച് പരിശോധനയ്ക്ക് വിധേയമാക്കാൻ അധികൃതർ തീരുമാനിച്ചത്. സ്‌റ്റേഷനിൽ ഇതിനായി കിയോസ്‌കും സജ്ജമാക്കിയിരുന്നു. എന്നാൽ 'അപകടം' മണത്ത യാത്രക്കാർ കൂട്ടത്തോടെ ഓടി രക്ഷപ്പെടുകയായിരുന്നു.

സ്റ്റേഷനിൽ ഇത് സാധാരണ സംഭവമാണെന്ന് പ്രാദേശിക കൗൺസിലർ ജെയ് തിവാരി എൻഡിടിവിയോട് പറഞ്ഞു. 'തടഞ്ഞു നിർത്തിയപ്പോൾ ആളുകൾ വാഗ്വാദം ആരംഭിച്ചു. സംഭവം നടക്കുമ്പോൾ ഒരു പൊലീസ് ഉദ്യോഗസ്ഥ മാത്രമാണ് ഉണ്ടായിരുന്നത്. അവർ നിസ്സഹായ ആയിരുന്നു'- അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് തിരിച്ചു വരുന്നവരെ പരിശോധനയ്ക്ക് വിധേയമാക്കാൻ റെയിൽവേ സ്‌റ്റേഷനുകളിൽ സൗകര്യങ്ങൾ ഒരുക്കുമെന്ന് കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി നിതീഷ് കുമാർ പ്രഖ്യാപിച്ചിരുന്നത്.

Related Tags :
Similar Posts