< Back
India
സ്വകാര്യ ആശുപത്രികള്‍ വഴിയുള്ള വാക്സിന്‍ വിതരണം; ഉത്തരവ് റദ്ദാക്കി പഞ്ചാബ് സര്‍ക്കാര്‍
India

സ്വകാര്യ ആശുപത്രികള്‍ വഴിയുള്ള വാക്സിന്‍ വിതരണം; ഉത്തരവ് റദ്ദാക്കി പഞ്ചാബ് സര്‍ക്കാര്‍

Web Desk
|
4 Jun 2021 9:23 PM IST

സംസ്ഥാന സര്‍ക്കാര്‍ കൊള്ള ലാഭത്തിന് സ്വകാര്യ ആശുപത്രികള്‍ക്ക് വാക്സിന്‍ വില്‍ക്കുന്നെന്ന പ്രതിപക്ഷ ആരോപണത്തിനു പിന്നാലെയാണ് തീരുമാനം.

18 മുതൽ 44 വയസ് വരെയുള്ളവർക്ക് സ്വകാര്യ ആശുപത്രികൾ വഴി കോവിഡ് വാക്സിൻ വിതരണം ചെയ്യാനുള്ള തീരുമാനം പഞ്ചാബ് സര്‍ക്കാര്‍ റദ്ദാക്കി. സംസ്ഥാന സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികള്‍ക്ക് വാക്സിന്‍ വിറ്റ് കൊള്ളലാഭമുണ്ടാക്കുന്നുവെന്ന് പ്രതിപക്ഷ പാർട്ടിയായ ശിരോമണി അകാലിദൾ ആരോപണം ഉന്നയിച്ച പശ്ചാത്തലത്തിലാണ് നടപടി.

കൈവശമുള്ളതും നിർമാതാക്കളിൽ നിന്ന് ലഭിക്കുന്നതുമായ മുഴുവൻ വാക്സിൻ ഡോസുകളും സ്വകാര്യ ആശുപത്രികൾ സർക്കാറിലേക്ക് തിരികെ നൽകണം. വാക്സിൻ ലഭിക്കാനായി സ്വകാര്യ ആശുപത്രികൾ നൽകിയ പണം തിരികെ നൽകുമെന്നും വാക്സിനേഷന്‍റെ ചുമതല വഹിക്കുന്ന വികാസ് ഗാർഗ് വാർത്താകുറിപ്പിലൂടെ അറിയിച്ചു.

400 രൂപയ്ക്ക് ലഭിക്കുന്ന വാക്സിൻ സ്വകാര്യ ആശുപത്രികൾക്ക് 1060 രൂപയ്ക്കാണ് സംസ്ഥാന സര്‍ക്കാര്‍ നൽകുന്നത്. ഈ വാക്സിൻ 1560 രൂപയ്ക്കാണ് ആശുപത്രികള്‍ വിതരണം ചെയ്യുന്നത്. ഇത് അഴിമതിയാണെന്നായിരുന്നു അകാലിദള്‍ അധ്യക്ഷന്‍ സുഖ്ബിര്‍ ബാദലിന്‍റെ ആരോപണം. കൃത്രിമ ക്ഷാമം സൃഷ്ടിക്കുന്നതിനായി വാക്സിനുകൾ സ്വകാര്യ ആശുപത്രികൾക്ക് വലിയ ലാഭത്തിൽ മറിച്ചു നൽകുന്നത് ഹൈക്കോടതി അന്വേഷിക്കണമെന്നും അകാലിദള്‍ ആവശ്യപ്പെട്ടിരുന്നു.

ഇതിനു പിന്നാലെ, ആരോപണത്തില്‍ അന്വേഷണം നടത്തുമെന്ന പ്രസ്താവനയുമായി പഞ്ചാബ് ആരോഗ്യമന്ത്രി ബല്‍ബീര്‍ സിങ് സിദ്ധു രംഗത്തെത്തിയിരുന്നു. പഞ്ചാബിൽ നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത വർഷം നടക്കാനിരിക്കെയാണ് അമരീന്ദര്‍ സര്‍ക്കാര്‍ ആഭ്യന്തരകലഹം നേരിടുന്നത്.

Similar Posts