< Back
India
കോവിഡ് ഭീതി; പരോള്‍ ലഭിച്ചിട്ടും ജയില്‍പ്പുള്ളികള്‍ പുറത്ത് പോകാന്‍  തയ്യാറാകുന്നില്ലെന്ന് റിപ്പോര്‍ട്ടുകള്‍
India

കോവിഡ് ഭീതി; പരോള്‍ ലഭിച്ചിട്ടും ജയില്‍പ്പുള്ളികള്‍ പുറത്ത് പോകാന്‍ തയ്യാറാകുന്നില്ലെന്ന് റിപ്പോര്‍ട്ടുകള്‍

Web Desk
|
1 Jun 2021 4:03 PM IST

ജയിലിൽ കൃത്യമായ ഭക്ഷണം, ആരോഗ്യ പരിശോധനകൾ, മറ്റ് സൗകര്യങ്ങൾ എന്നിവയെല്ലാം തടവുകാർക്ക് ലഭിക്കുന്നുണ്ട്. പുറത്തിറങ്ങിയാൽ ഇതൊന്നും ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഇതാണ് പലരും പുറത്തുപോകാൻ മടി കാണിക്കുന്നതിന് പിന്നിലെന്ന് ജയിൽ അധികൃതർ പറയുന്നു

ഇന്ത്യയില്‍ കോവിഡിന്‍റെ രണ്ടാം തരംഗം പതുക്കെ ശക്തി കുറയുകയാണ്. എങ്കിലും അതിന്‍റെ ഭീതിയിൽ നിന്നും ഇപ്പോഴും രാജ്യത്തെ ജനങ്ങള്‍ മുക്തരായിട്ടില്ല എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. കോവിഡ് സാഹചര്യത്തില്‍ പ്രത്യേക പരോൾ അനുവദിച്ചിട്ടും ജയിൽ വിട്ടു പോകാൻ തടവുപുള്ളികൾ മടി കാണിക്കുന്നുവെന്നാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത്. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ ജയിലുകളിലെ തടവുപുള്ളികളുടെ എണ്ണം കുറക്കാൻ സുപ്രീംകോടതി നിർദേശിച്ചിരുന്നു.

ഇതിന്‍റെ അടിസ്ഥാനത്തില്‍ മഹാരാഷ്ട്രയിലെ 46 ജയിലുകളിൽ നിന്ന് മാത്രമായി 10,000ത്തോളം തടവുകാരാണ് അടിയന്തര പരോളിൽ പുറത്തിറങ്ങിയത്. എന്നാൽ, ഇപ്പോൾ പല തടവുപുള്ളികൾക്കും ജയിലിന് പുറത്തേക്ക് പോകാൻ താൽപര്യമില്ല. 26 തടവുകാർ അടിയന്തര പരോൾ നിരസിച്ചിരിക്കുകയാണെന്നാണ് അധികൃതർ പറയുന്നത്. തടവുകാരെ പരോളിൽ പോകാൻ നിർബന്ധിക്കരുതെന്ന് കഴിഞ്ഞ മാസം ബോംബെ ഹൈകോടതി ജയിൽ വകുപ്പിന് നിർദേശം നൽകിയിരുന്നു.

യു.പിയിൽ ഒമ്പത് ജയിലുകളിലെ 21 തടവുകാർ തങ്ങൾക്ക് പരോൾ വേണ്ടെന്നും പുറത്തുപോകുന്നതിനെക്കാൾ നല്ലത് ജയിലാണെന്നും എഴുതി നൽകിയിരിക്കുകയാണ്. ജയിലിൽ കൃത്യമായ ഭക്ഷണം, ആരോഗ്യ പരിശോധനകൾ, മറ്റ് സൗകര്യങ്ങൾ എന്നിവയെല്ലാം തടവുകാർക്ക് ലഭിക്കുന്നുണ്ട്. പുറത്തിറങ്ങിയാൽ ഇതൊന്നും ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഇതാണ് പലരും പുറത്തുപോകാൻ മടി കാണിക്കുന്നതിന് പിന്നിലെന്ന് ജയിൽ അധികൃതർ പറയുന്നു.

കേരളത്തിലും ജയിലുകളിൽ കോവിഡ്​ വ്യാപനമുള്ള സാഹചര്യത്തിൽ ആവശ്യപ്പെടുകയാണെങ്കിൽ അർഹതയുള്ള തടവുകാർക്ക്​ രണ്ടാഴ്​ച പരോൾ അനുവദിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ, ക്രൂരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട്​ ശിക്ഷ അനുഭവിക്കുന്നവർക്ക്​ പരോൾ അനുവദിക്കില്ലെന്നാണ് അധികൃതര്‍ പറയുന്നത്.

Similar Posts