< Back
India
ഗുജറാത്തിൽ കോവിഡ് വാക്‌സിൻ വിതരണം ചെയ്തത് ബിജെപി ഓഫീസിൽ; വിശദീകരണം ചോദിച്ച് ഹൈക്കോടതി
India

ഗുജറാത്തിൽ കോവിഡ് വാക്‌സിൻ വിതരണം ചെയ്തത് ബിജെപി ഓഫീസിൽ; വിശദീകരണം ചോദിച്ച് ഹൈക്കോടതി

Web Desk
|
21 April 2021 10:54 AM IST

അംറേലിയിലെ കോൺഗ്രസ് എംഎൽഎ പരേഷ് ധനാനിയാണ് ഇതിനെതിരെ കോടതിയെ സമീപിച്ചത്

അഹമ്മദാബാദ്: സൂറത്തിലെ പാർട്ടി ഓഫീസിൽ കോവിഡ് വാക്‌സിൻ വിതരണം ചെയ്ത സംഭവത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ സിആർ പാട്ടീലിനും സൂറത്ത് എംഎൽഎ ഹർഷ് സങ്‌വിക്കും ഗുജറാത്ത് ഹൈക്കോടതി നോട്ടീസ്. ഇതുമായി ബന്ധപ്പെട്ട് സമർപ്പിക്കപ്പെട്ട പൊതുതാത്പര്യ ഹർജിയിലാണ് കോടതി നടപടി. സംസ്ഥാന ചീഫ് സെക്രട്ടറിയിൽ നിന്നും സൂറത്ത് ജില്ലാ കലക്ടറിൽ നിന്നും കോടതി വിശദീകരണം തേടി. അംറേലിയിലെ കോൺഗ്രസ് എംഎൽഎ പരേഷ് ധനാനിയാണ് ഇതിനെതിരെ കോടതിയെ സമീപിച്ചത്.

കഴിഞ്ഞ മാസമാണ് സൂറത്തിലെ ബിജെപി ഓഫീസിൽ വച്ച് റെംഡെസിവിർ കോവിഡ് വാക്‌സിൻ വിതരണം ചെയ്തത്. ഇത് ഫാർമസി ആക്ട്, ഡ്രഗ്‌സ് ആന്റ് കോസ്മറ്റിക്‌സ് ആക്ട്, ഡ്രഗ്‌സ് കൺട്രോൾ ആക്ട് എന്നിവയുടെ നഗ്നമായ ലംഘനമാണെന്ന് ധനാനി സമർപ്പിച്ച ഹർജിയിൽ പറയുന്നു. സംഭവത്തിൽ എംപിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ സിആർ പാട്ടീൽ, എംഎൽഎ ഹർഷ് സങ്‌വി എന്നിവർക്കെതിരെ കേസെടുക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. .

ജസ്റ്റിസുമാരായ സോണിയ ഗൊകാനി, വൈഭവ് നാനാവതി എന്നിവർ അടങ്ങുന്ന ഡിവിഷൻ ബഞ്ചാണ് ഹർജി പരിഗണിച്ചത്.

അതിനിടെ, 24 മണിക്കൂറിനിടെ ഗുജറാത്തിൽ 12,206 കോവിഡ് കേസുകള്‍ റിപ്പോർട്ട് ചെയ്തു. 121 പേരാണ് മരണത്തിന് കീഴടങ്ങിയത്. സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും കോവിഡ് സെന്ററുകൾ ആരംഭിച്ചിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. സൈനിക ആശുപത്രികളിലും കോവിഡ് ചികിത്സ ലഭ്യമാക്കാനുള്ള ശ്രമമാരംഭിച്ചതായി മുഖ്യമന്ത്രി വിജയ് രൂപാനി പറഞ്ഞു. സംസ്ഥാനത്ത് കടുത്ത ഓക്സിജന്‍‌ ക്ഷാമം ഉള്ളതായാണ് റിപ്പോര്‍ട്ട്.

Similar Posts