< Back
India
പുതിയ കോവിഡ് കേസുകളില്‍ എഴുപത് ശതമാനത്തിലേറെയും പത്ത് സംസ്ഥാനങ്ങളില്‍
India

പുതിയ കോവിഡ് കേസുകളില്‍ എഴുപത് ശതമാനത്തിലേറെയും പത്ത് സംസ്ഥാനങ്ങളില്‍

Web Desk
|
30 April 2021 3:18 PM IST

മഹാരാഷ്ട്ര, കേരളം, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് ആദ്യ മൂന്ന് സ്ഥാനത്ത് ഉള്ളത്

രാജ്യത്ത് റിപ്പോർട്ട് ചെയ്ത പുതിയ കോവിഡ് കേസുകളിൽ എഴുപത് ശതമാനത്തിലേറെയും റിപ്പോർട്ട് ചെയ്തത് പത്ത് സംസ്ഥാനങ്ങളിൽ നിന്നെന്ന് ആരോ​ഗ്യ മന്ത്രാലയം. മഹാരാഷ്ട്ര, കേരളം, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് ആദ്യ മൂന്ന് സ്ഥാനത്ത് ഉള്ളത്. 3,86,452 കോവിഡ് കേസുകളാണ് രാജ്യത്ത് ഒറ്റ ദിവസം റിപ്പോർട്ട് ചെയ്തത്. ഏറ്റവും കൂടിയ പ്രതിദിന കണക്കാണ് ഇത്.

66,159 കോവിഡ് കേസുകളാണ് മഹാരാഷ്ട്രയിൽ മാത്രം റിപ്പോർട്ട് ചെയ്തത്. കേരളത്തിൽ 38,607 കേസുകളും ഉത്തർപ്രദേശിൽ 35,104 കേസുകളും റിപ്പോർട്ട് ചെയ്തു. കർണാടക, ചത്തീസ്​ഗഡ്, പശ്ചിമ ബം​ഗാൾ, തമിഴ്നാട്, ആന്ധ്ര പ്രദേശ്, രാജസ്ഥാൻ എന്നിവയാണ് കോവിഡ് കേസുകൾ കൂടിയ മറ്റ് സംസ്ഥാനങ്ങൾ. ആകെ 1,87,62,976 കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

ഒറ്റ ദിവസം 19 ലക്ഷം കോവിഡ് ടെസ്റ്റ് നടത്തിയതായും ആരോ​ഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഒറ്റ ദിവസം നടത്തിയ ഏറ്റവും വലിയ ടെസ്റ്റാണിത്. ദേശിയ തലത്തിൽ മരണ നിരക്ക് കുറഞ്ഞ് 1.11 ശതമാനമായതായും മന്ത്രാലയം പറഞ്ഞു.

രാജ്യത്തെ 77.4 ശതമാനം മരണനിരക്കും പത്ത് സംസ്ഥാനങ്ങളിൽ നിന്നാണ്. 771 മരണം റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്രയാണ് മരണ നിരക്കിൽ മുന്നിൽ. രണ്ടാമതുള്ള ‍ഡൽഹിയിൽ 395 മരണമാണ് റിപ്പോർട്ട് ചെയ്തത്. 3,498 മരണങ്ങളാണ് 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത്.

Similar Posts