< Back
India
കോവിഡ് ബാധിച്ച് നിരീക്ഷണത്തില്‍; അസ്വസ്ഥയായ അമ്മായിഅമ്മ മരുമകളെ കെട്ടിപ്പിടിച്ച് രോഗം പരത്തി
India

കോവിഡ് ബാധിച്ച് നിരീക്ഷണത്തില്‍; അസ്വസ്ഥയായ അമ്മായിഅമ്മ മരുമകളെ കെട്ടിപ്പിടിച്ച് രോഗം പരത്തി

Web Desk
|
3 Jun 2021 11:54 AM IST

തെലങ്കാനയിലെ സോമരിപേട്ട ഗ്രാമത്തിലാണ് സംഭവം നടന്നത്.

രോഗം വന്നാല്‍ അത് മറ്റുള്ളവര്‍ക്ക് കൂടി വരുത്തണമെന്ന ചിന്തയുള്ള കുറച്ചു പേരെങ്കിലും ഉണ്ടാകും സമൂഹത്തില്‍. അത്തരക്കാരാണ് വൈറസിനെക്കാള്‍ അപകടകാരി. തെലങ്കാനയിലെ ഒരു സ്ത്രീ ചെയ്തതും ഇത്തരത്തിലുള്ള പ്രവൃത്തിയായിരുന്നു. കോവിഡ് ബാധിച്ച സ്ത്രീ മരുമകള്‍ക്കും കൂടി രോഗം പരത്തിയാണ് പ്രതികാരം തീര്‍ത്തത്.

തെലങ്കാനയിലെ സോമരിപേട്ട ഗ്രാമത്തിലാണ് സംഭവം നടന്നത്. കോവിഡ് ബാധിച്ചതോടെ വീട്ടിലെ ഒരു മുറിയില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു സ്ത്രീ. അവര്‍ക്ക് പ്രത്യേകം ഭക്ഷണം നല്‍കുകയും ചെയ്തു. ചെറുമക്കളെ പോലും അടുത്ത് പോകാന്‍ അനുവദിച്ചിരുന്നില്ല. ഇത് സ്ത്രീയെ കൂടുതല്‍ അസ്വസ്ഥയാക്കി. പ്രകോപിതയായ സ്ത്രീ ഞാൻ മരിച്ചിട്ട് നിങ്ങൾ എല്ലാവരും സന്തോഷത്തോടെ ജീവിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? എന്ന് പറഞ്ഞ് മരുമകളെ കെട്ടിപ്പിടിക്കുകയായിരുന്നു. ഇരുപതുകാരിയായ മരുമകള്‍ക്ക് രോഗം ബാധിക്കുകയും ചെയ്തു.

തുടര്‍ന്ന് ഇവരെ വീട്ടില്‍ നിന്നും പുറത്താക്കി. പിന്നീട് ഇവരുടെ സഹോദരിയെത്തി രാജന്ന സിര്‍സില്ല ജില്ലയിലെ തിമ്മാപൂര്‍ ഗ്രാമത്തിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. ഇപ്പോള്‍ സഹോദരിയുടെ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ് യുവതി.

Similar Posts