< Back
India
വാക്‌സിനേഷൻ പേടിച്ച് പുഴയിലേക്ക് എടുത്തുചാടിയത് ഒരു ഗ്രാമം; അമ്പരന്ന് ആരോഗ്യ പ്രവർത്തകർ
India

വാക്‌സിനേഷൻ പേടിച്ച് പുഴയിലേക്ക് എടുത്തുചാടിയത് ഒരു ഗ്രാമം; അമ്പരന്ന് ആരോഗ്യ പ്രവർത്തകർ

Web Desk
|
23 May 2021 10:55 PM IST

ഉത്തർപ്രദേശിലെ ബാരാബംഗി ജില്ലയിലുള്ള സിസോദ ഗ്രാമത്തിൽ കോവിഡ് വാക്‌സിനേഷന്റെ ഭാഗമായി ആരോഗ്യപ്രവർത്തകരെത്തിയപ്പോഴായിരുന്നു സംഭവം

പൊലീസിനെക്കണ്ടാൽ ഓടുന്നവരെ കണ്ടിട്ടുണ്ട്. എന്നാൽ, ആരോഗ്യപ്രവർത്തകരെ കണ്ട് ഓടിരക്ഷപ്പെടുന്നവരുണ്ടോ? അതും ഒരു മഹാമാരിക്കാലത്ത്. എന്നാൽ, ആരോഗ്യ പ്രവർത്തകരെ കണ്ട് ഇന്ന് ഉത്തർപ്രദേശിലെ ഒരു ഗ്രാമത്തിൽ നൂറുകണക്കിനു പേരാണ് പുഴയിലേക്ക് എടുത്തുചാടിയത്! കാരണം കേട്ടാൽ നിങ്ങൾ അതിലേറെ ഞെട്ടും. കോവിഡ് വാക്‌സിനേഷനിൽനിന്ന് രക്ഷപ്പെടാനായിരുന്നുവത്രെ ആളുകൾ ഓടിയൊളിച്ചത്!

രാജ്യം ഒന്നടങ്കം വാക്‌സിനേഷനു വേണ്ടി വരിനിൽക്കുമ്പോഴാണ് ഉത്തർപ്രദേശിലെ ബാരാബംഗി ജില്ലയിലുള്ള സിസോദ ഗ്രാമത്തിൽ ഇത്തരത്തിലൊരു സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഗ്രാമത്തിൽ കോവിഡ് വാക്‌സിനേഷൻരെ ഭാഗമായുള്ള നിർദേശങ്ങൾ നൽകാനെത്തിയതായിരുന്നു ആരോഗ്യ പ്രവർത്തകർ. എന്നാൽ, ഈ വിവരമറിഞ്ഞ സമീപത്തെ വീടുകളിലുള്ളവർ പുഴയുടെ ഭാഗത്തേക്ക് ഇറങ്ങിയോടി. പലരും പുഴയുടെ ഒഴുക്കിലേക്ക് എടുത്തുചാടുകയും ചെയ്തു. 200ഓളം പേരാണ് ഇത്തരത്തിൽ ആരോഗ്യപ്രവർത്തകരിൽനിന്ന് 'രക്ഷപ്പെട്ടത്'!

ആളുകൾ പുഴയുടെ ഭാഗത്തേക്കു പോയപ്പോൾ ഇവരെ പിന്തുടർന്നുപോയി ആരോഗ്യസംഘം. വാക്‌സിനേഷൻ എടുക്കേണ്ട ആവശ്യകത പറഞ്ഞുബോധ്യപ്പെടുത്താൻ ശ്രമിച്ചപ്പോൾ ആളുകൾ പുഴയിലേക്ക് എടുത്തുചാടുകയായിരുന്നു. തുടർന്ന് വാക്‌സിനേഷൻ നൽകുന്നില്ലെന്ന് ആരോഗ്യ പ്രവർത്തകർ ഉറപ്പുനൽകിയതിനു ശേഷമാണത്രെ ആളുകൾ വീടുകളിലേക്കു തിരിച്ചുപോയത്!

1,500നടുത്ത് ജനസംഖ്യയുള്ള ഗ്രാമത്തിൽ ഇതുവരെ 14 പേർ മാത്രമാണ് കോവിഡ് വാക്‌സിൻ എടുത്തിട്ടുള്ളത്. ആളുകൾക്ക് വാക്‌സിനേഷന്റെ ഗൗരവത്തെക്കുറിച്ച് അറിവില്ലാത്തതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നും ഉടൻതന്നെ ഗ്രാമത്തിൽ ബോധവൽക്കരണ പരിപാടി ആരംഭിക്കുമെന്നും ഒരു മുതിർന്ന ജില്ലാ ആരോഗ്യ പ്രവർത്തകൻ അറിയിച്ചിട്ടുണ്ട്.

Similar Posts