< Back
India
സ്വകാര്യതാ നയം: സമയപരിധി വീണ്ടും നീട്ടി വാട്‌സ്ആപ്പ്
India

സ്വകാര്യതാ നയം: സമയപരിധി വീണ്ടും നീട്ടി വാട്‌സ്ആപ്പ്

Web Desk
|
7 May 2021 7:17 PM IST

ഈ മാസം 15നകം പുതിയ നയം അംഗീകരിച്ചില്ലെങ്കിൽ അക്കൗണ്ട് ഡിലീറ്റ് ചെയ്യില്ലെന്ന് വാട്‌സ്ആപ്പ് വക്താവ്

പുതിയ സ്വകാര്യതാ നയം അംഗീകരിക്കാനുള്ള സമയപരിധി വാട്‌സ്ആപ്പ് വീണ്ടും നീട്ടി. വ്യക്തിവിവരങ്ങളും സ്വകാര്യതയുമായി ബന്ധപ്പെട്ട പുതിയ നിബന്ധനകൾ ഈ മാസം 15നുള്ളിൽ അംഗീകരിക്കണമെന്നായിരുന്നു വാട്‌സ്ആപ്പ് ഉപയോക്താക്കളോട് ആവശ്യപ്പെട്ടിരുന്നത്. ഇല്ലെങ്കിൽ അക്കൗണ്ട് ഡിലീറ്റ് ചെയ്യുമെന്ന് മുന്നറിയിപ്പുമുണ്ടായിരുന്നു.

വാട്‌സ്ആപ്പിലെ വ്യക്തിവിവരങ്ങൾ ബിസിനസ് ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ ഫേസ്ബുക്കിനെ അനുവദിക്കുന്നതടക്കമുള്ളതായിരുന്നു വിവാദമായ പുതിയ സ്വകാര്യതാ നയം. എന്നാൽ, സമയപരിധി നീട്ടിയെന്നും ഈ മാസം 15നകം നയം അംഗീകരിച്ചില്ലെങ്കിൽ അക്കൗണ്ട് ഡിലീറ്റ് ചെയ്യില്ലെന്നും ഒരു വാട്‌സ്ആപ്പ് വക്താവ് അറിയിച്ചതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.

ഇന്ത്യയിലെ പുതിയ നയംമാറ്റം അംഗീകരിക്കാൻ ഉപയോക്താക്കളോട് ആവശ്യപ്പെട്ടുള്ള ഓർമപ്പെടുത്തലുകൾ വരുംദിവസങ്ങളിലുമുണ്ടാകുമെന്ന് വാട്‌സ്ആപ്പ് വക്താവ് പറഞ്ഞു. എന്നാൽ, 15നകം ഇക്കാര്യം അംഗീകരിച്ചില്ലെങ്കിൽ അക്കൗണ്ട് ഡിലീറ്റ് ചെയ്യില്ലെന്നും വാട്‌സ്ആപ്പ് പ്രവർത്തനരഹിതമാകുന്ന അവസ്ഥയുണ്ടാകില്ലെന്നും ഇദ്ദേഹം അറിയിച്ചു. അതേസമയം, സന്ദേശം ലഭിച്ച ഭൂരിഭാഗം പേരും പുതിയ നിബന്ധനകൾ അംഗീകരിച്ചിട്ടുണ്ടെന്നും വക്താവ് വെളിപ്പെടുത്തി.

കഴിഞ്ഞ ജനുവരിയിലാണ് വ്യക്തിവിവരങ്ങളുമായി ബന്ധപ്പെട്ട പുതിയ നയംമാറ്റം വാട്‌സ്ആപ്പ് പുറത്തുവിട്ടത്. പുതിയ നയങ്ങളും നിബന്ധനകളും അംഗീകരിക്കാൻ ഉപയോക്താക്കൾക്ക് ഫെബ്രുവരി എട്ടുവരെ സമയപരിധി അനുവദിക്കുകയും ചെയ്തിരുന്നു. ഈ സമയത്തിനകത്ത് അംഗീകരിച്ചില്ലെങ്കിൽ വാട്‌സ്ആപ്പ് സേവനം ലഭിക്കില്ലെന്നായിരുന്നു മുന്നറിയിപ്പ്. എന്നാൽ, നയംമാറ്റം വിവാദമായതോടെ തീരുമാനത്തിൽനിന്ന് കമ്പനി പിന്മാറി. ഇതുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിനും വാട്‌സ്ആപ്പിനും എതിരെ സമർപ്പിക്കപ്പെട്ട വിവിധ ഹരജികൾ പരിഗണിച്ച സുപ്രീംകോടതി സമൂഹമാധ്യമ ഭീമന്മാർക്കെതിരെ കടുത്ത വിമർശനങ്ങൾ നടത്തുകയും ചെയ്തിരുന്നു. ഇതേത്തുടർന്നാണ് ഉപയോക്താക്കൾക്ക് പുതിയ നയങ്ങൾ അംഗീകരിക്കാനുള്ള സമയപരിധി മെയ് 15 വരെ നീട്ടിയത്. ഇതേക്കുറിച്ച് കഴിഞ്ഞ ദിവസങ്ങളിൽ ഉപയോക്താക്കൾക്ക് കമ്പനിയുടെ സന്ദേശം ലഭിച്ചുകൊണ്ടിരിക്കുന്നുണ്ട്.

വാട്‌സ്ആപ്പിന്റെ ഏറ്റവും വലിയ മാർക്കറ്റുകളിലൊന്നാണ് ഇന്ത്യ. സർക്കാർ കണക്കുപ്രകാരം 53 പേരാണ് രാജ്യത്ത് വാട്‌സ്ആപ്പ് ഉപയോഗിക്കുന്നത്.

Similar Posts