< Back
India
ത്രിപുര അതിക്രമം: വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവരെ തേടി പൊലീസ്
India

ത്രിപുര അതിക്രമം: വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവരെ തേടി പൊലീസ്

Web Desk
|
6 Nov 2021 6:15 PM IST

ബംഗ്ലാദേശിലുണ്ടായ വർഗീയ അക്രമങ്ങൾക്കെതിരെ ത്രിപുരയിൽ നടന്ന പ്രതിഷേധത്തിനിടെ മുസ്‌ലിംകൾക്ക് നേരെയുണ്ടായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് വ്യാജ വാർത്തകളും പ്രകോപനപരമായ പോസ്റ്റുകളും പങ്കുവെച്ച നൂറിലധികം അക്കൗണ്ടുകളുടെ വിവരങ്ങൾ തേടി പൊലീസ്. ഫേസ്‌ബുക്ക്, ട്വിറ്റർ, യൂട്യൂബ് എന്നീ സാമൂഹ്യ മാധ്യമങ്ങളോടാണ് ത്രിപുര പൊലീസ് വിവരങ്ങൾ ആരാഞ്ഞത്. സുപ്രീംകോടതി വക്കീലുമാർ, ആക്ടിവിസ്റ്റുകൾ, മത പ്രഭാഷകരടക്കം എഴുപതിലധികം പേർക്കെതിരെ കേസെടുത്തതിന് ദിവസങ്ങൾക്ക് ശേഷമാണ് പൊലീസിന്റെ പുതിയ നീക്കം.


ത്രിപുരയിലെ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥർ ഫേസ്‌ബുക്ക്, ട്വിറ്റർ, യൂട്യൂബ് അധികൃതർക്ക് പ്രത്യേകം കത്തുകൾ നൽകിയതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ എൻ.ഡി.ടി.വിയോട് പറഞ്ഞു. 68 ട്വിറ്റർ അക്കൗണ്ടുകൾ, 31 ഫേസ്‌ബുക്ക് അക്കൗണ്ടുകൾ, രണ്ട യൂട്യൂബ് അക്കൗണ്ടുകൾ എന്നിവയുടെ വിവരങ്ങളാണ് ആരാഞ്ഞത്.

അതേസമയം ത്രിപുരയിലെ വർഗീയ ആക്രമണങ്ങളെക്കുറിച്ച് ട്വീറ്റ് ചെയ്ത 68 പേർക്കെതിരെ യു.എ.പി.എ ചുമത്തി കേസെടുത്തു. ആരാധനാലയങ്ങൾ തകർത്തതിന് പിന്നാലെ സന്ദേശങ്ങൾ പ്രചരിപ്പിച്ചെന്ന് ആരോപിച്ചാണ് കേസെടുത്തിരിക്കുന്നത്. അക്കൗണ്ടുകൾ എത്രയും വേഗം നീക്കം ചെയ്യാൻ ട്വിറ്ററിനോട് ത്രിപുര പൊലീസ് ആവശ്യപ്പെട്ടു. വർഗീയ അതിക്രമങ്ങൾ അന്വേഷിക്കാൻ ത്രിപുരയിലെത്തിയ ഡൽഹിയിലെ മുസ്‌ലിം എൻജിഒ അംഗങ്ങൾക്കെതിരെയും യുഎപിഎ ചുമത്തി.

ഡൽഹിയിലെ മുസ്‌ലിം എൻജിഒ തഹരീഖ് ഫറോഗ് ഇസ്‌ലാമിലെ നാല് അംഗങ്ങൾക്കെതിരെയാണ് കേസെടുത്തത്. നാലു പേരെയും ധർമനഗർ കോടതി 14 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. കേസിൽ ഇടപെടൽ ആവശ്യപ്പെട്ട് രാഷ്ട്രപതിക്കും ചീഫ് ജസ്റ്റിസിനും എൻജിഒ കത്ത് എഴുതി. വസ്തുതാന്വേഷണ സംഘത്തിലുണ്ടായിരുന്ന തഹരീഖ് ഫറോഗ് ഇസ്‌ലാം ദേശീയ പ്രസിഡന്‍റ് പീർ ഖമർ ഗനി ഉസ്മാനി ഉൾപ്പെടെ നാല് പേർക്കെതിരെയാണ് കേസ്.

Related Tags :
Similar Posts