
സൗദിയിൽ 80 ലക്ഷം കോവിഡ് വാക്സിൻ വിതരണം ചെയ്തു
|ആശുപത്രികളിൽ ചികിത്സയിലുള്ളവരുടെ എണ്ണത്തിൽ വീണ്ടും വർധന
സൗദി അറേബ്യയിൽ ഇതുവരെ 80 ലക്ഷത്തിലധികം ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം, രാജ്യത്ത് ഇന്നലെ 1,072 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. 858 പേർ രോഗമുക്തി നേടി. ആക്ടീവ് കേസുകളുടെ എണ്ണത്തിലും വലിയ വർധനവാണുള്ളത്.
ഡിസംബർ 17ന് ആരംഭിച്ച വാക്സിനേഷൻ പദ്ധതിയിലൂടെയാണ് ഇതുവരെയായി 80 ലക്ഷത്തിലധികം ഡോസ് വാക്സിൻ സൗദിയിൽ വിതരണം ചെയ്തത്. ഫൈസർ ബയോൺടെക്, ഓക്സ്‌ഫോർഡ്-ആസ്ട്രസെനെക എന്നീ കമ്പനികളുടെ വാക്സിനുകളാണ് നിലവിൽ വിതരണം ചെയ്തുവരുന്നത്. ഇന്നലെ ഒൻപത് കോവിഡ് രോഗികൾ മരിച്ചിട്ടുണ്ട്.
രണ്ടുദിവസത്തെ ഇടവേളയ്ക്കുശേഷം വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളവരുടെ എണ്ണത്തിൽ കഴിഞ്ഞ ദിവസം വീണ്ടും വർധന രേഖപ്പെടുത്തി. അത്യാസന്ന നിലയിലുള്ളവരുടെ എണ്ണവും ഉയർന്നിട്ടുണ്ട്. നിലവിൽ 9,847 പേരാണ് ചികിത്സയിലുള്ളത്. ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം 1,224ലെത്തി. അത്യാസന്നനിലയിലുള്ളവരിൽ 471 പേരും റിയാദിലാണ്. കൂടാതെ മക്കയിൽ 239 പേരും കിഴക്കൻ പ്രവശ്യയിൽ 189 പേരും അസീറിൽ 77 പേരും ഗുരുതരാവസ്ഥയിലാണെന്ന് മന്ത്രാലയം അറിയിച്ചു.