
ഗ്രൌണ്ട് സീറോയിലെ മസ്ജിദ് നിർമാണത്തെ എതിർത്തതിൽ ക്ഷമാപണം നടത്തി യു.എസ് ജൂത സംഘടന
|ആൻ്റി ഡീഫാമേഷൻ ലീഗ് തലവൻ ഗ്രീൻ ബ്ലാറ്റ് ആണ് ക്ഷമാപണം നടത്തിയത്
അമേരിക്കയിലെ വേൾഡ് ട്രേഡ് സെന്റർ തകർക്കപ്പെട്ട "ഗ്രൌണ്ട് സീറോ"യ്ക്കു സമീപം മുസ്ലിം പള്ളി നിർമിക്കാനുള്ള തീരുമാനത്തെ എതിർത്തതിൽ ക്ഷമചോദിച്ച് ജൂതസംഘടന. 2010 ജൂലൈയിൽ ഇവിടെ മസ്ജിദ് നിർമിക്കുവാനുള്ള തീരുമാനം വേൾഡ് ട്രേഡ് സെൻ്റർ അക്രമണത്തിലെ ഇരകളുടെ കുടുംബങ്ങളെ വേദനിപ്പിക്കുമെന്ന് ചൂണ്ടിക്കാട്ടി എതിർത്ത തങ്ങളുടെ നിലപാട് തെറ്റായിരുന്നുവെന്ന് ആൻ്റി ഡീഫാമേഷൻ ലീഗ് എന്ന സംഘടനയുടെ തലവൻ ജൊനാഥൻ ഗ്രീൻ ബ്ലാറ്റ് പറഞ്ഞു.
ഗ്രൌണ്ട് സീറോയിൽ നിന്ന് രണ്ട് ബ്ലോക്ക് അകലെ കൊർഡോബ ഹൌസ് എന്ന പേരിൽ ഇസ്ലാമിക് സെൻ്ററും ആരാധനാലയവും നിർമിക്കുവാനുള്ള തീരുമാനം അന്ന് വലിയ ചർച്ചകൾക്ക് വഴി വച്ചിരുന്നു. അന്ന് അതിനെ നിശിതമായി വിമർശിച്ച് രംഗത്ത് വന്ന ആൻ്റി ഡീഫാമേഷൻ ലീഗ് തങ്ങളുടെ തീരുമാനം ശരിയായിരുന്നില്ലെന്നാണ് ഇപ്പോൾ വ്യക്തമാക്കുന്നത്.
ഇസ്ലാമിക ലോകത്തിനും അമേരിക്കക്കുമിടയിലെ ബന്ധങ്ങൾ മെച്ചപ്പെടുത്തുക , തീവ്രവാദത്തിനെതിരെ പരസ്യമായി നിലപാട് സ്വീകരിക്കുക തുടങ്ങിയവയായിരുന്നു ഈ മസ്ജിദ് നിർമാണം കൊണ്ട് ലക്ഷ്യം വച്ചിരുന്നത്. എന്നാൽ തെറ്റിദ്ധാരണാജനകമായ വാർത്തകൾ നൽകി മാധ്യമങ്ങളാണ് ഈ വിഷയത്തെ വഴി തിരിച്ചു വിട്ടത്. ഗ്രൌണ്ട് സീറോ മസ്ജിദ് എന്ന് മാധ്യമങ്ങൾ ഈ പള്ളിക്ക് പേര് നൽകിയത് വലിയ തെറ്റിദ്ധാരണകൾക്ക് വഴിവച്ചിരുന്നു.
'കഴിഞ്ഞു പോയതിനെ ഓർത്ത് വിലപിക്കാനാവില്ല. പക്ഷെ കൊർഡോബ ഹൌസിനെതിരെ അന്ന് ഞങ്ങളെടുത്ത തീരുമാനം തെറ്റായിരുന്നു എന്ന് ഇപ്പോൾ തിരിച്ചറിയുന്നു. മുസ്ലിം സമുദായത്തോട് അതിന് ഞങ്ങൾ ക്ഷമാപണം നടത്തുകയാണ്' - ഗ്രീൻ ബ്ലാറ്റ് പറഞ്ഞു.
വേൾഡ് ട്രേഡ് സെൻ്റർ ആക്രമണത്തിൻ്റെ ഇരുപതാം വാർഷികത്തിന്റെ പശ്ചാത്തലത്തിലാണ് ആൻ്റി ഡീഫാമേഷൻ ലീഗിൻ്റെ ക്ഷമാപണം.