< Back
News
ഇന്ത്യയിൽനിന്ന് വരുന്നവർക്ക് അഞ്ചുവർഷം ജയിൽശിക്ഷ; കടുത്ത നടപടികളുമായി ആസ്‌ട്രേലിയയും
News

ഇന്ത്യയിൽനിന്ന് വരുന്നവർക്ക് അഞ്ചുവർഷം ജയിൽശിക്ഷ; കടുത്ത നടപടികളുമായി ആസ്‌ട്രേലിയയും

Web Desk
|
1 May 2021 11:29 AM IST

നിയമം തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരും; ഐപിഎല് കളിക്കുന്ന താരങ്ങളെക്കുറിച്ച് തീരുമാനമില്ല

ഇന്ത്യയിൽനിന്ന് യാത്രാവിലക്ക് ഏർപ്പെടുത്താനുള്ള തീരുമാനത്തിനു പിറകെ കടുത്ത നടപടികളുമായി ആസ്‌ട്രേലിയൻ ഭരണകൂടം. കോവിഡ് രൂക്ഷമായ ഇന്ത്യയിൽനിന്ന് വരുന്നവർക്ക് അഞ്ചുവർഷം വരെ ജയിൽശിക്ഷയും അനുഭവിക്കേണ്ടി വരുമെന്നാണ് പുതിയ ഉത്തരവ്. ഇതിനു പുറമെ പിഴയും ചുമത്തും.

മെയ് മൂന്നിനകം കഴിഞ്ഞ 14 ദിവസത്തിനിടെ ഇന്ത്യയിൽ കഴിയുകയോ രാജ്യത്തേക്ക് യാത്ര ചെയ്യുകയോ ചെയ്തവര്‍ ആസ്‌ട്രേലിയയിലെത്തുന്നത് നിയമംവഴി തടയും. വിലക്ക് ലംഘിക്കുന്നവർക്കാണ് ശക്തമായ ശിക്ഷ ഏർപ്പെടുത്തുന്നത്. ഇന്ത്യയിലുള്ള ആസ്‌ട്രേലിയൻ പൗരന്മാർക്കും ആസ്‌ട്രേലിയയിൽ കഴിയുന്ന ഇന്ത്യന്‍ വംശജര്‍ക്കും പുതിയ ഉത്തരവ് ബാധകമാകും. ഇതാദ്യമായാണ് സ്വന്തം പൗരന്മാർ നാട്ടില്‍ വരുന്നത് ആസ്‌ട്രേലിയ ക്രിമിനൽ കുറ്റമായി കണക്കാക്കുന്നത്. ഇന്ത്യയിൽനിന്നുള്ള യാത്ര തടയാനുള്ള ശക്തമായ നടപടികളുടെ ഭാഗമായാണ് പുതിയ നീക്കം.

നിയന്ത്രണങ്ങൾ തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരും. വിലക്ക് ലംഘിക്കുന്നവർക്ക് അഞ്ചുവർഷം വരെ തടവുശിക്ഷയും കനത്ത പിഴയും ചുമത്തുമെന്ന് ആസ്‌ട്രേലിയൻ ആരോഗ്യ മന്ത്രി ഗ്രെഗ് ഹണ്ട് പ്രസ്താവനയിൽ പറഞ്ഞു. തീരുമാനം മെയ് 15ന് പുനപരിശോധിച്ചേക്കും.

പുതിയ നടപടിയെത്തുടർന്ന് 9,000ത്തോളം ആസ്‌ട്രേലിയക്കാരാണ് ഇന്ത്യയിൽ കുടുങ്ങിയിരിക്കുന്നത്. ഇതിൽ 650 പേരുടെ നില ഗുരുതരമാണ്. ഇന്ത്യയിൽ പുരോഗമിക്കുന്ന ഐപിഎൽ ടൂർണമെന്റിൽ പങ്കെടുക്കുന്ന ആസ്‌ട്രേലിയൻ താരങ്ങളെയും ഉത്തരവ് ബാധിച്ചേക്കും. നടപടി മുൻകൂട്ടിക്കണ്ട് ഐപിഎല്ലിൽ അംപയറായിരുന്ന പോൾ റൈഫൽ കഴിഞ്ഞ ദിവസം ടൂർണമെന്റ് ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങിയിരുന്നു. ആദം സാംപ, ജെയ് റിച്ചാർഡ്‌സൻ, ആൻഡ്ര്യു ടൈ അടക്കമുള്ള ആസ്‌ട്രേലിയൻ ക്രിക്കറ്റ് താരങ്ങളും പാതിവഴിയിൽ നാട്ടിലേക്ക് തിരിച്ചു.

തീരുമാനത്തിനെതിരെ ആസ്ട്രേലിയയില്‍ താമസമാക്കിയിട്ടുള്ള ഇന്ത്യൻ വംശജര്‍ രംഗത്തെത്തിയിട്ടുണ്ട്. വംശീയതയുടെ ഭാഗമാണ് നടപടിയെന്നും ഇന്ത്യയെപ്പോലെ കോവിഡ് വ്യാപനമുള്ള ബ്രിട്ടന്‍, അമേരിക്ക പോലുള്ള രാജ്യങ്ങള്‍ക്ക് ഇത്തരത്തില്‍ വിലക്കേര്‍പ്പെടുത്തിയിട്ടില്ലെന്നുമാണ് പരാതി.

Related Tags :
Similar Posts