< Back
News
പുതിയ പെട്രോള്‍ പമ്പിനെതിരെ പമ്പുടമകളെന്ന് മറച്ചുവെച്ച് ഹരജി: ഹരജിക്കാര്‍ക്ക് ഹൈക്കോടതിയുടെ പിഴ
News

പുതിയ പെട്രോള്‍ പമ്പിനെതിരെ പമ്പുടമകളെന്ന് മറച്ചുവെച്ച് ഹരജി: ഹരജിക്കാര്‍ക്ക് ഹൈക്കോടതിയുടെ പിഴ

Web Desk
|
27 April 2021 11:37 AM IST

ഇവര്‍ ബിസിനസ് താത്പര്യങ്ങള്‍ക്കായി കോടതിയെ കരുവാക്കുകയായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു

പെട്രോൾ പമ്പുടമകളാണെന്ന കാര്യം മറച്ചുവെച്ച് മറ്റൊരാൾ തുടങ്ങാനിരിക്കുന്ന പെട്രോൾ പമ്പിനെതിരെ ഹരജി നൽകിയ രണ്ട് പേർക്ക് ഹൈക്കോടതിയുടെ പിഴ. ബോധപൂർവം ഹൈക്കോടതി നടപടികൾ ദുരുപയോഗം ചെയ്തുവെന്നും മേലിൽ ഇത്തരം നടപടികൾ ആവർത്തിക്കാതിരിക്കാൻ പാഠമാവട്ടെയെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി.

ശൂരനാട് സ്വദേശികളായ വൈ. അഷ്‌റഫ്, എം. എസ് ജയചന്ദ്രൻ എന്നിവർ 25, 000 രൂപ വീതം പിഴയൊടുക്കാനാണ് ജസ്റ്റിസ് പി. ബി സുരേഷ് കുമാർ ഉത്തരവിട്ടത്. പുതിയ പെട്രോള്‍ പമ്പ് തുടങ്ങുന്നതിനെതിരെ ഇവര്‍ നല്‍കിയ ഹരജിയില്‍ പമ്പുടമകളാണ് എന്ന് മറച്ചുവെച്ചുവെന്ന് കോടതി കണ്ടെത്തി.

കൊല്ലം പോരുവഴി പഞ്ചായത്തിൽ എസ്. സൈനുദ്ദീൻ എന്നയാൾ തുടങ്ങുന്ന പമ്പിനെതിരെയാണ് പെട്രോൾ പമ്പുടമകളാണെന്ന വിവരം മറച്ചുവെച്ച് സാധാരണ വ്യവഹാരികളെന്ന പോലെ ഇരുവരും ഹൈകോടതിയെ സമീപിച്ചത്. പമ്പ് തുടങ്ങുന്നതിലെ തടസവാദമുന്നയിച്ചാണ് ഇരുവരും കോടതിയിലെത്തിയത്. എന്നാൽ പമ്പുടമകളാണെന്ന് ബോധ്യമായതോടെ കോടതി പിഴ ചുമത്തുകയായിരുന്നു. ഇവര്‍ ബിസിനസ് താത്പര്യങ്ങള്‍ക്കായി കോടതിയെ കരുവാക്കുകയായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. ഇത്തരത്തില്‍ കോടതി നടപടികള്‍ ദുരുപയോഗം ചെയ്യുന്നത് തടയാനാണ് പിഴ ഈടാക്കുന്നതെന്നും ഹൈക്കോടതി വ്യക്തമാക്കി.

Similar Posts