< Back
News
രാജ്യസഭ സ്ഥാനാർത്ഥികളെ സിപിഎം വെള്ളിയാഴ്ച തീരുമാനിക്കും; യുഡിഎഫില്‍ നിന്ന് പി. വി അബ്ദുള്‍ വഹാബ് തന്നെ
News

രാജ്യസഭ സ്ഥാനാർത്ഥികളെ സിപിഎം വെള്ളിയാഴ്ച തീരുമാനിക്കും; യുഡിഎഫില്‍ നിന്ന് പി. വി അബ്ദുള്‍ വഹാബ് തന്നെ

Khasida Kalam
|
14 April 2021 10:15 AM IST

വയലാർ രവി, കെ.കെ.രാഗേഷ്, പി.വി.അബ്ദുൾ വഹാബ് എന്നിവർ ഒഴിഞ്ഞ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്.

രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ തീരുമാനിക്കാൻ ഇടതുമുന്നണി യോഗവും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും വെള്ളിയാഴ്ച ചേരും. ജയം ഉറപ്പുള്ള രണ്ടു സീറ്റിലും സിപിഎം മത്സരിക്കും. മൂന്നാമത്തെ സീറ്റില്‍ മുസ്‍ലിം ലീഗിലെ പി.വി.അബ്ദുൾ വഹാബ് സ്ഥാനാർഥിയാകും.

ഹൈക്കോടതിയെ സമീപിച്ചാണ് ഒഴിവുവരുന്ന മൂന്നു സീറ്റുകളിലെ തെരഞ്ഞെടുപ്പ് ഈ നിയമസഭയുടെ കാലത്തുതന്നെ ഇടതു മുന്നണി ഉറപ്പാക്കിയത്. വയലാർ രവി, കെ.കെ.രാഗേഷ്, പി.വി.അബ്ദുൾ വഹാബ് എന്നിവർ ഒഴിഞ്ഞ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. സഭയിലെ അംഗബലം അനുസരിച്ച് രണ്ടുപേരെ ഇടതുമുന്നണിക്ക് വിജയിപ്പിക്കാം. മുന്നണിയിലെ മുൻ ധാരണയനുസരിച്ച് രണ്ടിലും സിപിഎം മത്സരിക്കും. വെള്ളിയാഴ്ചത്തെ സിപിഎം സെക്രട്ടേറിയറ്റിനു ശേഷം ചേരുന്ന ഇടതു മുന്നണി യോഗം ഇക്കാര്യം ഔദ്യോഗികമായി തീരുമാനിക്കും.

രാജ്യസഭയിലും കർഷകസമരത്തിലും മികച്ച പ്രകടനം കാഴ്ചവെച്ച കെ.കെ.രാഗേഷിന് ഒരവസരം കൂടി സിപിഎം നൽകുമോയെന്ന് വ്യക്തമല്ല. ഇടതു സഹയാത്രികൻ ചെറിയാൻ ഫിലിപ്പിന്‍റെ പേരും പരിഗണനയിലുണ്ട്. എന്നാൽ അംഗബലം കുറവായ സഭയിൽ പാർട്ടി നേതാവിനെ തന്നെ അയക്കണമെന്ന അഭിപ്രായം നേതൃത്വത്തിൽ ഒരു വിഭാഗത്തിനുണ്ട്. അങ്ങനെയെങ്കിൽ ഇക്കുറിയും ചെറിയാൻ ഫിലിപ്പ് സാധ്യതാ പട്ടികയിൽ ഒതുങ്ങും.

കർഷക സംഘം നേതാവ് വിജു കൃഷ്ണന്‍റെ പേര് സജീവ പരിഗണനയിൽ ഉണ്ട്. മലയാളിയായ വിജു ഡൽഹിയിലെ കർഷക സമരത്തിന്‍റെ നായകരിൽ പ്രധാനിയാണ്. ധനമന്ത്രി തോമസ് ഐസക്കിന്റെ പേരും ചർച്ചകളിലുണ്ടായിരുന്നു. ബൃന്ദാ കാരാട്ടിനെ പോലെയുള്ള പ്രമുഖരെ രാജ്യസഭയിലെ സിപിഎം ശബ്ദമാക്കി മാറ്റണമെന്ന ആഗ്രഹം കേന്ദ്ര നേതൃത്വത്തിനുണ്ട്. എന്നാൽ സംസ്ഥാന നേതൃത്വം ഇത് അംഗീകരിക്കുമോയെന്ന് വ്യക്തമല്ല.

യുഡിഎഫിൽ സീറ്റ് ലീഗിനു തന്നെയാണ്. കാലാവധി അവസാനിക്കുന്ന അബ്ദുൾ വഹാബിനെ മത്സരിപ്പിക്കാൻ മുസ്‍ലിം ലീഗ് തീരുമാനിച്ചു കഴിഞ്ഞു. മറ്റു രണ്ടു സീറ്റുകളിലെ സ്ഥാനാർഥികളേയും ഉടൻ തീരുമാനിക്കും. ഈ മാസം മുപ്പതിനാണ് തെരഞ്ഞെടുപ്പ്.

Similar Posts