
സൗദിയിൽ കോവിഡ് ചട്ടങ്ങളിൽ വീഴ്ച്ച വരുത്തിയാൽ കടുത്ത ശിക്ഷ
|വിദേശികളെ ശിക്ഷ പൂർത്തിയായ ശേഷം നാടുകടത്തും
സൗദിയിൽ കോവിഡ് ചട്ടങ്ങളിൽ വീഴ്ച്ച വരുത്തുന്നവർക്ക് കടുത്ത ശിക്ഷയെന്ന് സൗദി പ്രോസിക്യൂഷൻ. മനപ്പൂർവ്വം കൊറോണ പരത്തുന്നവർക്കാണ് പബ്ലിക് പ്രോസിക്യൂഷന്റെ മുന്നറിയിപ്പ്. ഇത്തരക്കാർക്ക് അഞ്ചുവർഷം വരെ തടവും അഞ്ചുലക്ഷം റിയാൽ വരെ പിഴയുമാണ് ശിക്ഷ.
കുറ്റം ചെയ്യുന്നവർ വിദേശികളാണെങ്കിൽ ശിക്ഷ പൂർത്തിയാക്കിയ ശേഷം നാടുകടത്തുകയും ചെയ്യും. പിന്നീട് പുതിയ വിസയിൽ സൗദിയിലേക്ക് പ്രവേശിക്കുന്നതിന് ആജീവനാന്ത വിലക്കും ഏർപ്പെടുത്തും. കുറ്റം ആവർത്തിക്കുന്നവർക്ക് ഇരട്ടിയാകും ശിക്ഷ. കുറ്റകൃത്യത്തിന്റെ കാഠിന്യത്തിനും അത് മൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങളുടെ വ്യാപ്തിക്കും അനുസൃതമായി ശിക്ഷകളിൽ വ്യത്യാസമുണ്ടാകുമെന്നും പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.
കോവിഡ് ബാധിതനുമായി സമ്പർക്കം പുലർത്തിയ വ്യക്തി, ഹോം ക്വാറന്റൈൻ പൂർത്തിയാക്കിയ ശേഷം രോഗലക്ഷണങ്ങളില്ലെങ്കിൽ വീണ്ടും പരിശോധന നടത്തേണ്ടതില്ലെന്ന് ആരോഗ്യ മന്ത്രാലയം പറഞ്ഞു. കോവിഡ് പരിശോധന നടത്തുന്നവർക്ക് സാധരണയായി 12 മുതൽ 72 വരെ മണിക്കൂറിനുള്ളിൽ എസ്എംഎസിലൂടെയും സ്വിഹത്തി, തതമൻ, തവക്കൽനാ എന്നീ ആപ്പുകൾ വഴിയും പരിശോധനാ ഫലം ലഭിക്കും. എന്നാൽ ഫലം ലഭിക്കാൻ മൂന്ന് ദിവസത്തിലധികം വൈകുന്ന സാഹചര്യത്തിൽ 937 എന്ന നമ്പറിൽ അറിയിക്കണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.