< Back
olympics
Yusuf Dikeç
olympics

പ്രത്യേക ലെൻസില്ല, കവറില്ല, ഇതൊക്കെ എന്തെന്ന ഭാവം; ഒളിംപിക്‌സിൽ വെള്ളി മെഡൽ വെടിവച്ചിട്ട് തുർക്കി താരം

Web Desk
|
1 Aug 2024 5:05 PM IST

ഒരു കൈ പാന്റ് പോക്കറ്റിലിട്ട് അസാധാരണമായ ശാന്തതയോടെയാണ് യൂസുഫ് മത്സരത്തിൽ പങ്കെടുത്തത്

പാരിസ്: സ്റ്റാന്‍ഡേഡ് ഷൂട്ടിങ് ഗിയറില്ലാതെ, കാഷ്വൽ ടീ ഷർട്ടും പാന്റുമിട്ട് വന്ന്, ഇതൊക്കെയെന്ത് എന്ന ഭാവത്തിൽ ഒളിംപിക്‌സിൽ മത്സരിച്ച തുർക്കി താരം യൂസുഫ് ഡികേയ്ക്ക് വെള്ളി മെഡൽ. മിക്‌സഡ് ടീം വിഭാഗത്തില്‍ പത്ത് മീറ്റർ എയർ പിസ്റ്റൾസിലാണ് യൂസഫിന്റെ മെഡൽ നേട്ടം. സെവാൾ ഇല്യാട തർഹാൻ ആയിരുന്നു ഇദ്ദേഹത്തിന്റെ മത്സരപങ്കാളി. മെഡൽ നേട്ടത്തിന് പിന്നാലെ യൂസഫിന്റെ സമീപനം സാമൂഹിക മാധ്യമങ്ങളിൽ അസംഖ്യം മീമുകൾക്കു കാരണമായി.

ഒരു കൈ പാന്റ് പോക്കറ്റിലിട്ട് അസാധാരണമായ ശാന്തതയോടെയാണ് യൂസുഫ് മത്സരത്തിൽ പങ്കെടുത്തത്. സ്റ്റാൻഡേഡ് ഷൂട്ടിങ് ഗിയർ, സ്‌പെഷ്യൽ ലെൻസ്, എയ് കവർ, ഇയർ പ്രൊട്ടക്ഷൻ എന്നിവയൊന്നും താരം ധരിച്ചിരുന്നില്ല.

അവ്യക്തത ഒഴിവാക്കി കൃത്യമായ ഉന്നം കിട്ടാനാണ് മത്സരാർത്ഥികൾ ലെൻസ് ധരിക്കുന്നത്. ബഹളം കേൾക്കാതിരിക്കാൻ ഇയർ പ്രൊട്ടക്ടറും. എന്നാൽ കറുത്ത ഫ്രയിമുള്ള സാധാരണ കണ്ണട മാത്രം ധരിച്ചാണ് യൂസഫ് മത്സരത്തിൽ പങ്കെടുത്തത്.



എക്‌സ് മേധാവി ഇലോൺ മസ്‌ക് അടക്കമുള്ളവർ യൂസഫിന്റെ 'നിസ്സംഗഭാവ'ത്തിൽ പ്രതികരണവുമായി രംഗത്തെത്തി. മത്സരവുമായി ബന്ധപ്പെട്ട് അഡ്രിയാൻ ഡിറ്റ്മാൻ എന്ന എക്‌സ് യൂസർ പങ്കുവച്ച കുറിപ്പിന് താഴെ നൈസ് എന്നാണ് മസ്‌ക് കമന്റിട്ടത്. 'പ്രത്യേക ലെൻസോ എയ് കവറോ ഇയർ പ്രൊട്ടക്ഷനോ ഒന്നുമില്ലാതെ തുർക്കി അമ്പത്തിയൊന്നുകാരനായ ഒരാളെ അയച്ചു. അയാൾ വെള്ളി മെഡൽ നേടുകയും ചെയ്തു' - എന്നായിരുന്നു അഡ്രിയാന്റെ ട്വീറ്റ്.

തുർക്കി കായിക മന്ത്രാലയത്തിൽ നിന്നോ ഫെഡറേഷനിൽ നിന്നോ ഷൂട്ടിങ് ഉപകരണങ്ങൾ ലഭിക്കാൻ ഒരു തടസ്സവുമില്ലെന്ന് യൂസഫ് പിന്നീട് പ്രതികരിച്ചു. ഇത് തന്റെ ഇഷ്ടമാണ്. എല്ലാവരും ഒരു കണ്ണു കൊണ്ട് ചെയ്യുമ്പോൾ താൻ രണ്ടു കണ്ണു കൊണ്ടും ചെയ്യുന്നു. ഇതിൽ ഒരുപാട് ഗവേഷണം നടത്തിയിട്ടുണ്ട്. കൂടുതൽ കൃത്യത ഇതിനാണെന്ന് താൻ കണ്ടെത്തി. പോക്കറ്റിൽ കൈയിടുമ്പോൾ ആശ്വാസം തോന്നുന്നതു കൊണ്ടാണ് അങ്ങനെ ചെയ്തത്- അദ്ദേഹം കൂട്ടിച്ചേർത്തു.



2008 മുതൽ തുടർച്ചയായ അഞ്ച് ഒളിംപിക്‌സുകളിൽ തുർക്കിയെ പ്രതിനിധീകരിച്ച താരമാണ് യൂസഫ് ഡികേ. അങ്കാറയിലെ ഗാസി യൂണിവേഴ്‌സിറ്റി സ്‌കൂൾ ഓഫ് ഫിസിക്കൽ ട്രയിനിങ് ആൻഡ് എജ്യുക്കേഷനിലായിരുന്നു പഠനം. കൊൻയയിലെ സെൽചുക് യൂണിവേഴ്‌സിറ്റിയിൽനിന്ന് കോച്ചിങ്ങിൽ മാസ്‌റ്റേഴ്‌സ് സ്വന്തമാക്കി. 2014ലെ ലോകചാമ്പ്യൻഷിപ്പിൽ 25 മീറ്റർ സ്റ്റാൻഡേഡ് പിസ്റ്റൾ, 25 മീറ്റർ സെന്റർ ഫയർ പിസ്റ്റൾ വിഭാഗങ്ങളില്‍ സ്വർണം നേടിയിരുന്നു. 10 മീറ്റർ എയർ പിസ്റ്റളിൽ വെള്ളി മെഡലും നേടി.

ഇതേ വിഭാഗത്തില്‍ സെർബിയയുടെ സൊറാന അരുനോവിച്ച്-ഡാമിർ മികെക് സഖ്യമാണ് സ്വർണം നേടിയത്. ഇന്ത്യൻ സഖ്യമായ മനു ഭാകറിനും സരബ്‌ജോത് സിങ്ങിനുമാണ് വെങ്കലം.

Similar Posts