
മെസ്യൂട്ട് ഓസിൽ ഫെനർബാഷേയില്‍
|ഏഴര വർഷം ആഴ്‍സനില്‍ ചിലവഴിച്ച ശേഷമാണ് ഓസില്‍ ക്ലബ് വിടുന്നത്
ജർമ്മൻ സൂപ്പർ താരം മെസ്യൂട്ട് ഓസിൽ തുർക്കിഷ് ക്ലബായ ഫെനർബാഷേയില്‍. ഫെനർബാഷേയുമായി ഓസിൽ ധാരണയിൽ എത്തിയതായാണ് വാർത്തകൾ. ആറു മാസം കൂടി ഓസിലിന് ആഴ്സണലുമായി കരാർ ബാക്കിയുണ്ടെങ്കിലും താരത്തെ ജനുവരിയില്‍ തന്നെ റിലീസ് ചെയ്യാന്‍ ആഴ്‌സണല്‍ തീരുമാനിച്ചു. ഏഴര വർഷം ഗണ്ണേഴ്‌സിൽ ചിലവഴിച്ച ശേഷമാണ് ഓസില്‍ ക്ലബ് വിടുന്നത്.
അമേരിക്കൻ മുൻനിര ടീമായ ഡി.സി യുനൈറ്റഡിലേക്ക് ചേക്കേറുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ തുര്‍ക്കിയുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന ഓസില്‍ താന്‍ ഏറെ ഇഷ്ടപ്പെടുന്ന ക്ലബ്ബാണ് ഫെനര്‍ബഷെയെന്നും വ്യക്തമാക്കിയിരുന്നു.
ഈ സീസണിലേക്കുള്ള പ്രീമിയർ ലീഗ് സ്‌ക്വാഡിൽ നിന്നും യൂറോപ്പ ലീഗ് സ്‌ക്വാഡിൽ നിന്നും പരിശീലകൻ മൈക്കില്‍ ആർട്ടെറ്റ ഓസിലിനെ തഴഞ്ഞിരുന്നു. ഇതോടെ താരത്തിന്റെ ആഴ്സണലിലെ ഭാവി തീരുമാനമായിരുന്നു.
2013-ലായിരുന്നു ഓസിൽ ക്ലബ് റെക്കോർഡ് തുകയായ 42 മില്യൺ പൗണ്ടിന് റയൽ മാഡ്രിഡിൽ നിന്നും ആഴ്സണലിൽ എത്തിയത്. താരം വന്ന ആദ്യ സീസണിൽ തന്നെ എഫ്എ കപ്പ് നേടാൻ ഗണ്ണേഴ്‌സിന് സാധിച്ചു. അതോടെ ഒമ്പത് വർഷത്തെ കിരീടവരൾച്ചക്ക് വിരാമമിടാൻ ആഴ്സനലിന് സാധിച്ചു.
2014ല്‍ ജര്‍മ്മനിക്ക് ലോകകപ്പ് നേടികൊടുത്ത ടീമിലെ അംഗമായ ഓസില്‍ 2018ലാണ് ദേശീയ ടീമില്‍ നിന്നും രാജിവച്ചത്. ജര്‍മ്മനിയില്‍ താന്‍ നേരട്ട വംശീയാക്ഷേപത്തിലും ടീമില്‍ നേരിട്ട വേര്‍ത്തിരിവില്‍ മനംമടുത്തിട്ടാണ് ജര്‍മ്മന്‍ ടീമില്‍ നിന്ന് വിരമിച്ചതെന്ന് ഓസില്‍ അറിയിച്ചിരുന്നു.
തുർക്കി പൗരത്വവുമുള്ള ഓസിൽ കഴിഞ്ഞ വർഷം വിവാഹസമയത്ത് തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാനൊപ്പം നിന്ന് ഫോട്ടോയെടുത്തത് ജർമനിയിൽ വിവാദങ്ങൾക്കിടയാക്കിയിരുന്നു. ചൈന ഉയ്ഗൂർ മുസ്ലിംകൾക്കെതിരെ നടത്തുന്ന ക്രൂരതകളൂം ഓസിൽ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു.