< Back
Politics
Praneeth Kaur and BJP Leaders
Politics

കോണ്‍ഗ്രസ് മുന്‍ മുഖ്യമന്ത്രി അമരീന്ദറിന്റെ ഭാര്യയും എം.പിയുമായ പ്രണീത് കൗര്‍ ബി.ജെ.പിയിലേക്ക്

Web Desk
|
14 March 2024 6:10 PM IST

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രണീത് കൗറിനെ നേരത്തെ കോാണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്തിരുന്നു

ഡല്‍ഹി: കോണ്‍ഗസ് എം.പി.യും പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിന്റെ ഭാര്യയുമായ പ്രണീത് കൗര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി വിനോദ് താവ്ഡെ, നേതാവ് തരുണ്‍ ചുഗ്, സുനില്‍ ജാഖര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് കൗര്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. അമരീന്ദര്‍ സിംഗ് നേരത്തെ ബി.ജെ.പി അംഗത്വം സ്വീകരിച്ചിരുന്നു.

ബി.ജെ.പി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് പ്രണീതിന്റെ പാര്‍ട്ടി പ്രവേശനം. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രണീത് കൗറിനെ നേരത്തെ കോാണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇവര്‍ നാല് തവണ പട്യാല എം.പിയും ഒരു തവണ കേന്ദ്ര മന്ത്രിയുമായിട്ടുണ്ട്.

'നമ്മുടെ കുട്ടികളുടെ നല്ല ഭാവി ഉറപ്പാക്കാന്‍ കഴിവുള്ളവരോടൊപ്പം ചേരേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന്'കൗര്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ തന്റെ നിയോജക മണ്ഡലത്തിനും സംസ്ഥാനത്തിനും രാജ്യത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്നത് തുടരുമെന്നും പ്രണീത് കൂട്ടിച്ചേര്‍ത്തു.

പട്യാലയില്‍ നിന്ന് ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സാധ്യത ബി.ജെ.പി പറയുന്നത് പോലെയാണെന്ന് കൗര്‍ വ്യക്തമാക്കി. രാജ്യത്തിന് വേണ്ടി മോദി ചെയ്ത പ്രവര്‍ത്തനങ്ങളെ കൗര്‍ പ്രശംസിച്ചു. 'ഇന്ന് ബി.ജെപിയില്‍ ചേര്‍ന്നതില്‍ ഞാന്‍ സന്തോഷിക്കുന്നു. കഴിഞ്ഞ 25 വര്‍ഷം ഞാന്‍ നിയമ സഭയിലും ലോക്‌സഭയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രധാനമന്ത്രി മോദിയുടെ 'വികസിത് ഭാരത്' പോലെയുള്ള നയങ്ങളും പ്രവര്‍ത്തനങ്ങളും എല്ലാവരും കാണേണ്ട സമയം വന്നിരിക്കുന്നു. മോദിയുടെ നേതൃത്വത്തില്‍ രാജ്യത്തെ സുരക്ഷിതമാക്കി മുന്നോട്ട് കൊണ്ടുപോകാന്‍ നമുക്ക് കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്'. കൗര്‍ പറഞ്ഞു.

പ്രീണത് കൗറിനെപ്പോലുള്ള നേതാക്കളെ പാര്‍ട്ടിയില്‍ ഉണ്ടാവുന്നത് പഞ്ചാബില്‍ ബി.ജെ.പിയെ കൂടുതല്‍ ശക്തമാക്കുമെന്ന് വിനോദ് താവ്ഡെ പറഞ്ഞു. കൗറിന്റെ മകള്‍ ഇന്ദര്‍ കൗറും ബി.ജെ.പിയിലാണ്. പട്യാലയില്‍ നിന്ന് ജയ് ഇന്ദറിനെ മത്സരിപ്പിച്ചേക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്.

അതിനിടെ, കഴിഞ്ഞ വര്‍ഷം മഹുവ മൊയ്ത്രയെ ലോക്സഭയില്‍ നിന്ന് പുറത്താക്കുന്നതിനെ അനുകൂലിച്ച് വോട്ട് ചെയ്ത എത്തിക്സ് കമ്മിറ്റിയിലെ ഏക പ്രതിപക്ഷ അംഗം പട്യാല എം.പി മാത്രമായിരുന്നു.

Similar Posts