< Back
Qatar
ലോകത്തെ ഒരു മില്യണ്‍ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസ സഹായം പ്രഖ്യാപിച്ച് ഖത്തര്‍
Qatar

ലോകത്തെ ഒരു മില്യണ്‍ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസ സഹായം പ്രഖ്യാപിച്ച് ഖത്തര്‍

Web Desk
|
26 Sept 2018 1:44 AM IST

ആഭ്യന്തരസംഘര്‍ഷങ്ങളാലും സാമ്പത്തിക വിഷയങ്ങളാലും പിന്നാക്കം നില്‍ക്കുന്ന രാജ്യങ്ങളിലെ കുട്ടികള്‍ക്കാണ് വിദ്യാഭ്യാസ സഹായമെത്തിക്കുക. യു.എന്നിന്റെ വാര്‍ഷിക സമ്മേളനത്തിലായിരുന്നു പ്രഖ്യാപനം

2021 ഓടെ ഒരു മില്യണ്‍ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഖത്തര്‍. ഐക്യരാഷ്ട്രസഭയുടെ എഴുപത്തിമൂന്നാമത് വാര്‍ഷിക സമ്മേളനത്തിലാണ് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനിയാണ് ഈ പ്രഖ്യാപനം നടത്തിയത്.

ആഭ്യന്തരസംഘര്‍ഷങ്ങളാലും സാമ്പത്തിക വിഷയങ്ങളാലും പിന്നാക്കം നില്‍ക്കുന്ന രാജ്യങ്ങളിലെ കുട്ടികള്‍ക്കാണ് വിദ്യാഭ്യാസ സഹായമെത്തിക്കുക. ഐക്യരാഷ്ട്രസഭയുടെ എഴുപത്തിമൂന്നാമത് വാര്‍ഷിക സമ്മേളനത്തിന്‍റെ ഭാഗമായി നടന്ന നേതാക്കളുടെ സമ്മേളനത്തിലാണ് ഖത്തര്‍ അമീര്‍ സുപ്രധാന പ്രഖ്യാപനം നടത്തിയത്.

വികസ്വര രാജ്യങ്ങളിലെ സ്ത്രീ വിദ്യാഭ്യാസം എന്ന വിഷയത്തില്‍ നടന്ന വട്ടമേശ ചര്‍ച്ചയിലായിരുന്നു അമീറിന്‍രെ പ്രഖ്യാപനം. വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെ പ്രത്യേകിച്ചും സ്ത്രീ വിദ്യാഭ്യാസത്തെ ഖത്തര്‍ എന്നും ഗൌരവത്തോടെയാണ് നോക്കിക്കാണുന്നത്.

ആഭ്യന്തര സംഘര്‍ഷങ്ങള്‍ നടക്കുന്ന രാജ്യങ്ങളിലും പ്രകൃതി ദുരന്തങ്ങള്‍ക്കിരയായ പ്രദേശങ്ങളിലും ലക്ഷക്കണക്കിന് കുട്ടികളാണ് വിദ്യാഭ്യാസം ലഭിക്കാതെ കഷ്ടതയനുഭവിക്കുന്നത്. ഇക്കാര്യത്തില്‍ ഖത്തര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പദ്ധതികളെ അമീര്‍ അഭിമാനപൂര്‍വം സ്മരിച്ചു.

അമ്പത് രാജ്യങ്ങളിലായി 1.8 കോടി കുട്ടികള്‍ക്ക് വിവിധ ഏജന്‍സികളുമായി സഹകരിച്ച് ഖത്തര്‍ വിദ്യാഭ്യാസ സഹായം നല‍്കിക്കൊണ്ടിരിക്കുന്നുണ്ട്.

2021 ആകുന്പോഴേക്കും ഒരു മില്യണ്‍ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കാന്‍ തന്‍റെ ഭരണകൂടം പ്രതിജ്ഞാബദ്ധമാണെന്നും അമീര്‍ പറഞ്ഞു. പെണ്‍കുട്ടികള്‍ക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം എങ്ങനെ ലഭ്യമാക്കാമെന്ന കാര്യത്തില്‍ സമ്മേളനത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടന്നു. വിവിധ രാജ്യങ്ങളുടെ പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു.

Similar Posts