< Back
Qatar
ഖത്തറില്‍ അടുത്ത വര്‍ഷവും മൂല്യവര്‍ധിത നികുതിയും വരുമാന നികുതിയും ഏര്‍പ്പെടുത്തില്ല
Qatar

ഖത്തറില്‍ അടുത്ത വര്‍ഷവും മൂല്യവര്‍ധിത നികുതിയും വരുമാന നികുതിയും ഏര്‍പ്പെടുത്തില്ല

Web Desk
|
14 Dec 2018 11:56 PM IST

ഖത്തറില്‍ അടുത്ത വര്‍ഷവും മൂല്യവര്‍ധിത നികുതിയായ വാറ്റും വരുമാന നികുതിയും ഉണ്ടാവില്ല. നികുതി പിരിവിന് ജനറല്‍ ടാക്സ് അതോറിറ്റി രൂപവല്‍ക്കരിക്കാനും തീരുമാനമായി. അമീര്‍ അംഗീകാരം നല്‍കിയ 2019 ലേക്കുള്ള പൊതുബജറ്റിലാണ് ഈ പ്രഖ്യാപനങ്ങളുള്ളത്.

സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഒരുപോലെ ആശ്വാസകരമാകുന്ന പ്രഖ്യാപനമാണ് പുതിയ ബജറ്റിലുള്ളത്. മൂല്യവര്‍ധിത നികുതിയായ വാറ്റും വരുമാനനികുതിയും അടുത്ത വര്‍ഷവും ഈടാക്കില്ലെന്നാണ് ധനകാര്യമന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. വിദേശ നിക്ഷേപകര്‍ക്ക് കമ്പനിയുടെ ലാഭവിഹിതത്തിന്‍റെ 10 ശതമാനം ആദായ നികുതി ഏര്‍പ്പെടുത്തും. സാമ്പത്തിക രംഗത്ത് പ്രധാന ചുവടുവെപ്പുകള്‍ക്ക് പ്രത്യേക ഇളവും ധനസഹായവും നല്‍കും. സ്വദേശികളുടെ ഓഹരി നിക്ഷേപങ്ങളിലും ലാഭവിഹിതത്തിലും നികുതി ചുമത്തുകയില്ല. ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന സിഗരറ്റ്, എനര്‍ജി ഡ്രിങ്കുകള്‍ക്ക് 100 ശതമാനം നികുതി ചുമത്തിയെന്നത് ശ്രദ്ധേയമാണ്.

പഞ്ചസാരയുടെ അളവ് കൂടുതലുള്ള ശീതളപാനീയങ്ങള്‍ക്ക് അമ്പത് ശതമാനവും നികുതി ചുമത്തും. പുതിയ നികുതികള്‍ ജനുവരി ഒന്നിന് തന്നെ പ്രാബല്യത്തില്‍ വരും. നികുതി പിരിവിന് ജനറല്‍ ടാക്സ് അതോറിറ്റി രൂപവല്‍ക്കരിക്കാനും തീരുമാനമായി. നികുതിയുമായി ബന്ധപ്പെട്ട മുഴുവൻ നിയമങ്ങളും ഉപനിയമങ്ങളും നടപ്പിലാക്കുന്നതും നിർദേശങ്ങൾ പുറപ്പെടുവിക്കുന്നതും അനുബന്ധ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതും നികുതി പിരിക്കുന്നതും അതോറിറ്റിയായിരിക്കും.

നിലവില്‍ വ്യവസായ സംരംഭങ്ങള്‍ നടത്തുന്നവര്‍ക്കും പുതിയ സംരംഭങ്ങള്‍ തുടങ്ങാനുദ്ദേശിക്കുന്നവര്‍ക്കും ഒരു പോലെ ആശ്വാസകരമാണ് പുതിയ പ്രഖ്യാപനങ്ങള്‍. മിക്ക ഗള്‍ഫ് രാജ്യങ്ങളിലും വാറ്റ് ഉള്‍പ്പെടെയുള്ള നികുതികള്‍ ഈടാക്കുമ്പോഴാണ് ഖത്തര്‍ ഇക്കാര്യത്തില്‍ ആശ്വാസമാകുന്നത്.

Related Tags :
Similar Posts