< Back
Qatar
ഇന്ത്യയില്‍ ഖത്തറിന്‍റെ ആദ്യ വിസാ സേവന കേന്ദ്രം ഡല്‍ഹിയില്‍ പ്രവര്‍ത്തനം തുടങ്ങി
Qatar

ഇന്ത്യയില്‍ ഖത്തറിന്‍റെ ആദ്യ വിസാ സേവന കേന്ദ്രം ഡല്‍ഹിയില്‍ പ്രവര്‍ത്തനം തുടങ്ങി

Web Desk
|
29 March 2019 12:08 AM IST

ഉദ്ഘാടനം ഇരുരാജ്യങ്ങളിലെയും ഉന്നത നയതന്ത്ര പ്രതിനിധികളുടെ സാന്നിധ്യത്തില്‍

ഇന്ത്യയിലെ ഖത്തറിന്‍റെ ആദ്യവിസാ സേവന കേന്ദ്രം ഡല്‍ഹിയില്‍ പ്രവര്‍ത്തനം തുടങ്ങി. ഇരു രാജ്യങ്ങളിലെയും ഉന്നത നയതന്ത്ര വ്യക്തിത്വങ്ങളുടെ സാനിധ്യത്തിലായിരുന്നു ഉദ്ഘാടനം. ഇന്ത്യയില്‍ ഖത്തര്‍ സ്ഥാപിക്കുന്ന ഏഴ് വിസാ സേവന കേന്ദ്രങ്ങളില്‍ ആദ്യത്തേതാണ് ഡല്‍ഹിയില്‍ പ്രവര്‍ത്തനം തുടങ്ങിയത്.

ഡല്‍ഹിയിലെ പാണ്ടവ് നഗര്‍ ഗുരുദ്വാരയില്‍ ബാങ്ക് ഓഫ് ബറോഡക്ക് സമീപത്താണ് വിസാ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയിലെ ഖത്തര്‍ സ്ഥാനപതി മുഹമ്മദ് ഖാതിര്‍ അല്‍ ഖാതിര്‍ സെന്‍ററിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചു. ഖത്തര്‍ വിസ സപ്പോര്‍ട്ട് സര്‍വീസ് ഡിപ്പാര്‍ട്ട്മെന്‍റ് ഡയറക്ടര്‍ മേജര്‍ അബ്ദുള്ള ഖലീഫ അല്‍ മുഹന്നദിയും ചടങ്ങില്‍ പങ്കെടുത്തു. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയ പ്രതിനിധികളും ചടങ്ങില്‍ സന്നിഹിതരായി. ഖത്തറിലേക്ക് ജോലി നോക്കുന്ന ഉദ്യോഗാര്‍ത്ഥികളുടെ വിസാ സംബന്ധമായ മുഴുവന്‍ നടപടിക്രമങ്ങളും ഈ സെന്‍ററില്‍ വെച്ച് പൂര്‍ത്തീകരിക്കാന്‍ കഴിയും. നിലവില്‍ ഖത്തറിലെത്തിയതിന് ശേഷം മാത്രം നടത്തുന്ന കരാര്‍ ഒപ്പുവെക്കല്‍, സര്‍ട്ടിഫിക്കറ്റ് പരിശോധനകള്‍, മെഡിക്കല്‍ പരിശോധന, ഫിംഗര്‍ പ്രിന്‍റ് തുടങ്ങി സേവനങ്ങളെല്ലാം ഡല്‍ഹിയിലെ വിസാ സെന്‍ററില്‍ ലഭ്യമാകും. അറബിക് ഇംഗ്ലീഷ് ഭാഷകളെ കൂടാതെ ഹിന്ദിയിലും ഈ സെന്‍ററില്‍ സേവനം ലഭ്യമാകും. ഡല്‍ഹിക്ക് പിറകെ മുംബൈയിലെ സെന്‍റര്‍ വ്യാഴാഴ്ച്ചയും പ്രവര്‍ത്തനം തുടങ്ങും.

തുടര്‍ന്ന് ചെന്നൈ ഹൈദരാബാദ് കൊച്ചി ലക്നൌ കൊല്‍ക്കത്ത സെന്‍ററുകളും അടുത്ത മാസത്തോടെ പ്രവര്‍ത്തനം തുടങ്ങും. ഖത്തറില്‍ തൊഴില്‍ തേടുന്നവര്‍ക്കും കമ്പനികള്‍ക്കും ഒരേ പോലെ സൌകര്യ പ്രദമാണ് വിസ സേവന കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം. വിസാ നടപടി ക്രമങ്ങള്‍ എളുപ്പമാക്കുക, വിസാ തട്ടിപ്പുകള്‍ തടയുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഖത്തര്‍ കഴിഞ്ഞ വര്‍ഷം വിസാകേന്ദ്രങ്ങള്‍ പ്രഖ്യാപിച്ചത്. ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയില്‍ കഴിഞ്ഞ ഒക്ടോബറില്‍ ആദ്യ സെന്‍റര്‍ പ്രവര്‍ത്തനം തുടങ്ങിയിരുന്നു.

Related Tags :
Similar Posts