
'നരേന്ദ്ര മോദി സ്റ്റേഡിയം, അദാനി എന്‍ഡ്, റിലയന്‍സ് എന്‍ഡ്', സത്യം പുറത്തുവരുന്നത് ഇങ്ങനെ'; മോദിയെ പരിഹസിച്ച് രാഹുല്‍ ഗാന്ധി
|രാജ്യത്തെ പഴയ കുടുംബാസൂത്രണത്തിന്‍റെ മുദ്രാവാക്യമായ 'നാം രണ്ട് നമുക്ക് രണ്ട്' എന്നത് ഹാഷ് ടാഗായും രാഹുല്‍ ഗാന്ധി ട്വീറ്റില്‍ ഉപയോഗിച്ചു
സർദാർ വല്ലഭായ് പട്ടേലിന്‍റെ പേരിലായിരുന്ന അഹമ്മദാബാദ് മൊട്ടേര ക്രിക്കറ്റ് സ്റ്റേഡിയത്തിന് നരേന്ദ്ര മോദിയുടെ പേര് നല്‍കിയതിനെ പരിഹസിച്ച് രാഹുല്‍ ഗാന്ധി. നരേന്ദ്ര മോദി സ്റ്റേഡിയം, അദാനി എന്‍ഡ്, റിലയന്‍സ് എന്‍ഡ്, സത്യം പുറത്തുവരുന്നത് ഇങ്ങനെയാണെന്ന് രാഹുല്‍ ട്വീറ്റില്‍ പറഞ്ഞു. രാജ്യത്തെ പഴയ കുടുംബാസൂത്രണത്തിന്‍റെ മുദ്രാവാക്യമായ 'നാം രണ്ട് നമുക്ക് രണ്ട്' എന്നത് ഹാഷ് ടാഗായും രാഹുല്‍ ഗാന്ധി ട്വീറ്റില്‍ ഉപയോഗിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും തങ്ങളുടെ അടുത്ത ബിസിനസ് ഗ്രൂപ്പുകളെ തൃപ്തിപ്പെടുത്തുന്നുവെന്നാണ് രാഹുല്‍ ഗാന്ധി ട്വീറ്റിലൂടെ പറയുന്നത്.
Beautiful how the truth reveals itself.
— Rahul Gandhi (@RahulGandhi) February 24, 2021
Narendra Modi stadium
- Adani end
- Reliance end
With Jay Shah presiding.#HumDoHumareDo
ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് അഹമ്മദാബാദ് മൊട്ടേര സ്റ്റേഡിയത്തില്‍ തുടങ്ങാനിരിക്കവേയാണ് ഏവരെയും അമ്പരപ്പിച്ച് സ്റ്റേഡിയത്തിന്റെ പേരുമാറ്റിയത്. രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് പേര് മാറ്റം പ്രഖ്യാപിച്ചത്. ചടങ്ങിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, അദ്ദേഹത്തിന്‍റെ മകനും ബി.സി.സി.ഐ സെക്രട്ടറിയുമായ ജയ് ഷാ, കേന്ദ്ര കായികമന്ത്രി കിരൺ റിജിജു തുടങ്ങിയവരും സന്നിഹിതരായിരുന്നു.
ഒരുലക്ഷത്തി മുപ്പത്തി രണ്ടായിരം പേർക്ക് ഇരിക്കാൻ കഴിയുന്ന ഗാലറിയുള്ള നരേന്ദ്ര മോദി സ്‌റ്റേഡിയം ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് മൈതാനമാണ്. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ മൈതാനം എന്ന റെക്കോർഡും ഈ സ്‌റ്റേഡിയത്തിനുണ്ട്. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍റെ ഉടമസ്ഥതയിലുള്ള സ്‌റ്റേഡിയത്തിൽ ടെസ്റ്റ്, ഏകദിന, ടി 20 അന്താരാഷ്ട്ര മത്സരങ്ങൾ അരങ്ങേറിയിട്ടുണ്ട്.