India
മോദി സ്‌റ്റേഡിയത്തിൽ അദാനിയും റിലയൻസും ചെലവഴിച്ചത് 500 കോടി; പവലിയൻ വാങ്ങിയത് 25 വർഷത്തേക്ക്
India

മോദി സ്‌റ്റേഡിയത്തിൽ അദാനിയും റിലയൻസും ചെലവഴിച്ചത് 500 കോടി; പവലിയൻ വാങ്ങിയത് 25 വർഷത്തേക്ക്

|
26 Feb 2021 9:02 AM IST

800 കോടിയാണ് സ്‌റ്റേഡിയത്തിന്റെ നിർമാണച്ചെലവ്

അഹമ്മദാബാദ്:പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരിൽ പുനർനാമകരണം ചെയ്ത് ഉദ്ഘാടനം ചെയ്ത മൊട്ടേര സ്റ്റേഡിയത്തെ ചൊല്ലിയുള്ള വിവാദം ഒടുങ്ങുന്നില്ല. സ്റ്റേഡിയത്തിലെ പവലിയൻ എൻഡുകൾ കോർപറേറ്റ് ഭീമന്മാരായ റിലയൻസിന്റെയും അദാനിയുടെയും പേരിൽ നൽകിയതിൽ വിശദീകരണവുമായി ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷൻ രംഗത്തെത്തി.

'സംഭാവനയ്ക്ക് പുറമേ, 250 കോടി രൂപയും ജിഎസ്ടി നികുതിയും നൽകിയാണ് കമ്പനികൾ ഓരോ കോർപറേറ്റ് ബോക്‌സും സ്വന്തമാക്കിയത്. 25 വർഷത്തേക്കാണിത്' - അസോസിയേഷൻ വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ്‌നൗ റിപ്പോർട്ട് ചെയ്തു.

സംഭാവന നൽകിയ കമ്പനിയുടെ പേരിൽ പവലിയൻ എൻഡുകൾ നൽകണമെന്നായിരുന്നു കരാറെന്നും ടൈംസ് നൗ പറയുന്നു. 800 കോടിയാണ് സ്‌റ്റേഡിയത്തിന്റെ നിർമാണച്ചെലവ്.

സ്‌റ്റേഡിയത്തിൽ അദാനി എൻഡ് നേരത്തെയുണ്ടായിരുന്നു. റിലയൻസ് എൻഡ് നേരത്തെ സർക്കാർ സ്ഥാപനമായ ജിഡിഎംസിയുടെ പേരിലായിരുന്നു. ഇത് റിലയൻസ് വാങ്ങി. സ്റ്റേഡിയത്തിന്റെ കിഴക്ക്, പടിഞ്ഞാറു ഭാഗത്തെ കോർപറേറ്റ് ബോക്‌സുകൾ വിൽപ്പനയ്ക്കു വച്ചിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് മൈതാനമായ അഹമ്മദാബാദ് മൊട്ടേര സ്റ്റേഡിയത്തിന് ബുധനാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേര് നൽകിയത്. സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ പേര് വെട്ടിമാറ്റിയാണ് സ്റ്റേഡിയത്തിന് നരേന്ദ്രമോദിയുടെ പേര് നൽകിയത്.

ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് ആരംഭിക്കുന്നതിന്റെ തൊട്ടുമുമ്പ് തീർത്തും അപ്രതീക്ഷിതമായാണ് സ്റ്റേഡിയത്തിന്റെ പേരുമാറ്റൽ ചടങ്ങ് നടന്നത്. പുതുക്കിപ്പണിത സ്റ്റേഡിയം രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്തു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കായിക മന്ത്രി കിരൺ റിജ്ജു എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. സ്റ്റേഡിയം സമുച്ചയത്തിൽ സർദാൽ വല്ലഭ്ഭായ് പട്ടേൽ സ്പോർട് എൻക്ലേവിന് രാഷ്ട്രപതി തറക്കല്ലിടുകയും ചെയ്തു.

1,32,000 കാണികളെ ഉൾക്കൊള്ളുന്ന കൂറ്റൻ നിർമിതിയാണ് മോദി സ്റ്റേഡിയം. എന്നാൽ മൂന്നാം ടെസ്റ്റിൽ സാമൂഹിക അകലം പാലിച്ച് 40000-50000 കാണികൾക്കാണ് നിലവിൽ പ്രവേശനമുള്ളത്. ഓസീസിലെ മെൽബൺ സ്റ്റേഡിയത്തെ മറികടന്നാണ് മോദി സ്റ്റേഡിയം ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് മൈതാനം എന്ന ഖ്യാതി സ്വന്തമാക്കുന്നത്. തൊണ്ണൂറായിരം പേർക്കാണ് എംസിജി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന മെൽബൺ ഗ്രൗണ്ടിൽ ഇരിപ്പിടമുള്ളത്.

സ്‌റ്റേഡിയവുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെ കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി തുടങ്ങിയവർ രംഗത്തെത്തിയിരുന്നു. നാം രണ്ട്, നമുക്ക് രണ്ട് എന്നായിരുന്നു രാഹുലിന്റെ പരിഹാസം. അംബാനി എൻഡിലാണോ അദാനി എൻഡിലാണോ മോദി ബാറ്റ് ചെയ്യുക എന്നാണ് ഭൂഷൺ ചോദിച്ചത്.

Similar Posts