< Back
Saudi Arabia
സഹായ ഹസ്തവുമായി സൗദി പ്രവാസികളും സ്വദേശികളും
Saudi Arabia

സഹായ ഹസ്തവുമായി സൗദി പ്രവാസികളും സ്വദേശികളും

Web Desk
|
21 Aug 2018 10:47 AM IST

സമാഹരണത്തിനു മികച്ച പ്രതികരണം

പ്രളയ ദുരിതത്തിലായ കേരളത്തിന് സഹായ ഹസ്തവുമായി സൗദി പ്രവാസികളും സ്വദേശികളും. വിഭവ സമാഹരണത്തിനും ദുരിതാശ്വാസ നിധിയിലേക്കുള്ള ഫണ്ട് സമാഹരണത്തിനും നേതൃത്വം നല്‍കി വിവിധ കൂട്ടായ്മകളും സംഘടനകളും രംഗത്ത്. മീഡിയാവണും ഗള്‍ഫ് മാധ്യമവും സീബ്രീസ് കാര്‍ഗോയും ചേര്‍ന്ന് നടത്തുന്ന ദുരിതാശ്വാസ വിഭവ സമാഹരണത്തിനും മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

സൗദി കിഴക്കന്‍ പ്രവിശ്യയിലെ വിവിധ സംഘടനകളും കൂട്ടായ്മകളുമാണ് ദുരിതാശ്വാസ വിഭവ സമാഹരണത്തിന് തുടക്കം കുറിച്ചത്. പ്രവിശ്യയിലെ മുഖ്യ സംഘടനകളായ കെ.എം.സി.സി, തനിമ, നവോദയ, യൂത്ത് ഇന്ത്യ, വേള്‍ഡ് മലയാളി അസോസിയേഷന്‍ തുടങ്ങിയ കൂട്ടായ്മകളുടെ നേതൃത്വത്തിലാണ് വിഭവ സമാഹരണവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് ശേഖരണവും നടത്തുന്നത്. ഷോപ്പിംഗ് മാളുകള്‍ കമ്പനി ക്യാമ്പുകള്‍, ഫ്ലാറ്റുകള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് സമാഹരണം. ഷോപ്പിംഗ് മാളുകളും കമ്പനികളും കേന്ദ്രീകരിച്ച് നടക്കുന്ന വിഭവ സമാഹരണത്തിന് പ്രവാസികളായ വിവിധ രാജ്യക്കാരില്‍ നിന്നും സ്വദേശികളില്‍ നിന്നും നല്ല പ്രതികരണമാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. കിഴക്കന്‍ പ്രവിശ്യയിലെ അറേബ്യന്‍ ഫാള്‍ കമ്പനി ഉടമ സ്വദേശിയായ അബ്ദുല്ലാ സാല അല്‍ സയ്യിദ് കഴിഞ്ഞ ദിവസം പത്ത് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. മീഡിയാവണും ഗള്‍ഫ് മാധ്യമവും സീബ്രീസ് കാര്‍ഗോയും കൈകോര്‍ത്ത് നടത്തുന്ന ദുരിത മേഖലയിലേക്കുള്ള അവശ്യ സാധനങ്ങളുടെ ശേഖരണത്തിന് അഭൂതപൂര്‍വ്വമായ പ്രതികരണമാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. വിഭവ സമാഹരണം ആരംഭിച്ച് രണ്ട് ദിവസം പിന്നിടുമ്പോള്‍ ഒരു ടണ്ണിലധികം അവശ്യ വസ്തുക്കളാണ് എയര്‍ കാര്‍ഗോ വഴി നാട്ടിലേക്ക് അയച്ചത്. പ്രവിശ്യയിലെ വലുതും ചെറുതുമായ എല്ലാ സംഘടനകളും ഈദ് ഓണാഘോഷങ്ങള്‍ റദ്ദ് ചെയ്തിട്ടുണ്ട്. പകരം ഈ തുക നാട്ടിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കാനാണ് തീരുമാനം.

Related Tags :
Similar Posts