
സൗദി അറേബ്യയില്‍ 30 ഇന ഒലീവ് മരങ്ങളുടെ ഉത്പാദനം വിജയകരമായി പൂര്‍ത്തിയാക്കി
|സൗദി അറേബ്യയില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 30 ഇനം ഒലീവ് മരങ്ങളില്‍ ഉത്പാദനം വിജയകരമായി പൂര്‍ത്തിയാക്കി. അല്‍-ജൗഫിലെ ഗവേഷക കേന്ദ്രത്തിന് കീഴിലായിരുന്നു പരീക്ഷണം. ലോകത്തെ മികച്ച ഒലീവ് ഉത്പാദന കേന്ദ്രം കൂടിയാണ് അല്‍ ജൌഫ്.
2002 ലായിരുന്നു ഗവേഷക കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചത്. 30 ഇനം ഒലീവ് മരങ്ങള്‍ ഇവിടെ ഉല്‍പാദിപ്പിച്ചു. എല്ലാം ഏറ്റവും പ്രശസ്തമായ ഒലീവ് ഉല്‍പാദക രാജ്യങ്ങളില്‍ നിന്നുള്ളവ.
ഉയർന്ന ഉൽപാദനശേഷിയും ഗുണനിലവാരവുമുള്ള 9 ഇനങ്ങൾ പ്രത്യേകമായി തെരഞ്ഞെടുത്തു. സ്പെയിൻ, ഇറ്റലി, ഗ്രീസ്, സിറിയ, ജോർദാൻ, ടുണീഷ്യ, തുർക്കി, മൊറോക്കോ എന്നീ രാജ്യങ്ങളുടേതായിരുന്നു ഇതില്‍ മുന്‍പന്തിയില്‍. ഉയര്‍ന്ന ഗുണമേന്മയുള്ള ഒലീവ് തൈകളാണ് ഈ കേന്ദ്രത്തില്‍ ഉല്‍പാദിപ്പിക്കുന്നത്. ഇത് ഒലീവ് കര്‍ഷകര്‍ക്ക് നാമമാത്ര വിലക്ക് വിതരണം ചെയ്യും. ഒലീവ് വ്യവസായത്തെ പ്രോല്‍സാഹിപ്പിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും വേണ്ടിയാണിത്. സൗദി പരിസ്ഥിതി-ജല-ഗവേഷണ മന്ത്രാലയം അറിയിച്ചതാണിക്കാര്യം. രാജ്യത്തിന്റെ പാരിസ്ഥിതിക അവസ്ഥകൾക്കനുസൃതമായി വളരുന്നവയാണിവ. ചില ഇനങ്ങള്‍ ഉയര്‍ന്ന ഉല്‍പാദന ക്ഷമതയുളളവയാണെന്നും മന്ത്രാലയം അറിയിച്ചു. ഏറ്റവും പഴക്കമുള്ള കാര്‍ഷികവിളകളില്‍ ഒന്നാണ് ഒലീവ്. സാവധാനത്തില്‍ വളരുന്ന ഒലീവ്‌മരം ദീര്‍ഘകാലം നിലനില്‍ക്കും.