< Back
Saudi Arabia
മാധ്യമ പ്രവര്‍ത്തകന്റെ തിരോധാനം; അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി സൗദിയില്‍
Saudi Arabia

മാധ്യമ പ്രവര്‍ത്തകന്റെ തിരോധാനം; അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി സൗദിയില്‍

Web Desk
|
17 Oct 2018 12:47 AM IST

രാജാവുമായും കിരീടാവകാശിയുമായും ചര്‍ച്ച

മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖശോഗിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി സൗദി ഭരണകൂടവുമായി ചര്‍ച്ച നടത്തി. അമേരിക്കന്‍ പ്രസിഡന്റിന്റെ നിര്‍ദേശ പ്രകാരമാണ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ റിയാദിലെത്തിയത്. തുര്‍ക്കി വിദേശ കാര്യ മന്ത്രിയുമായും പോംപിയോ കൂടിക്കാഴ്ച നടത്തും.

മാധ്യമ പ്രവര്‍ത്തകന്റെ തിരോധാനവുമായി ബന്ധപ്പെട്ട് കടുത്ത വാക്കുകളാണ് അമേരിക്കന്‍‌ പ്രസിഡണ്ട് ഡോണാള്‍ഡ് ട്രംപ് നടത്തിയത്. ഇതിന് മറുപടിയായി ലോക സാമ്പത്തിക മേഖലയില്‍ ഒറ്റപ്പെടുത്തലിന് പ്രത്യാഘാതമുണ്ടാകുമെന്ന് സൌദി പറഞ്ഞിരുന്നു. ഗള്‍ഫ് രാഷ്ട്രങ്ങളും സൗദിക്ക് പിന്തുണയുമായി രംഗത്ത് വന്നു. ഇതിന് പിന്നാലെ ട്രംപ് സല്‍മാന്‍ രാജാവുമായി സംസാരിച്ചു. വിഷയത്തില്‍ സൗദിക്ക് പറയാനുള്ളത് കേള്‍ക്കാനും ചര്‍ച്ചക്കുമായാണ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ ഇന്ന് രാവിലെ സൗദിയിലെത്തിയത്. സല്‍മാന്‍ രാജാവുമായും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍‌മാനുമായും പോംപിയോ കൂടിക്കാഴ്ച നടത്തി. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ സൗദിയും തുര്‍ക്കിയും വിശദീകരിച്ചിട്ടില്ല. തുര്‍ക്കി വിദേശ കാര്യ മന്ത്രിയുമായും പോംപിയോ കൂടിക്കാഴ്ച നടത്തുന്നുണ്ട്. യമാമ കൊട്ടാരത്തില്‍ പോംപിയോ എത്തിയ കാര്യം അതീവ പ്രാധാന്യത്തോടെയാണ് ലോക മാധ്യമങ്ങള്‍ കാണുന്നത്.

Similar Posts